തൃശൂർ: കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ അഴിമതിയുടെ ഗവൺമെന്റ് ആയിരിക്കുകയാണ് പിണറായി സർക്കാരെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശ്. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ അഴിമതിയുടെ ഗവൺമെന്റ് ആയി മാറിയിരിക്കുകയാണ് പിണറായി സർക്കാർ.
എല്ലാ അഴിമതി ആരോപണത്തിന്റെയും കുന്തമുന നീളുന്നത് മുഖ്യമന്ത്രിയുടെ നേരെയാണ്. മുഖ്യമന്ത്രിയും കുടുംബവുമാണ് കേരളത്തിൽ അഴിമതി നടത്തുന്നതെന്ന് എം. ടി. രമേശ് പറഞ്ഞു.
എഐ ക്യാമറയും അഴിമതി ആയിരുന്നു. കരാറുകൊടുത്ത കമ്പനികളുടെ കമ്മീഷൻ മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്കും സി പി എം നേതാക്കൾക്കും ലഭിക്കുന്നുണ്ട്. ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ചാണ് എല്ലാ അഴിമതികളും നടക്കുന്നത്. ക്ലിഫ് ഹൗസ് എന്ന പേര് മാറ്റി തീഫ് ഹൗസ് എന്നാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ എല്ലാ രംഗത്തും ഈ ഗവൺമെന്റ് പരാജയപ്പെട്ടിരിക്കുന്നു. വനവാസികൾ അക്രമിക്കപ്പെടുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ ഈ നിമിഷം വരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രതികരിച്ചില്ലെന്നും എം. ടി. രമേശ് കൂട്ടിച്ചേർത്തു.















