പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒരു കോടിയോളം വിലവരുന്ന എക്സ്‌റേ യൂണിറ്റ് എലി കടിച്ച് നശിപ്പിച്ചതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ആശുപത്രിയിലേക്ക് സൗജന്യമായി ലഭിച്ച 92.63 ലക്ഷം രൂപ വിലമതിക്കുന്ന യൂണിറ്റാണ് എലി കരണ്ട് നശിച്ചത്. 2021 മാർച്ച് മൂന്നിനാണ് സംസങ് കമ്പനി പോർട്ടബിൾ ഡിജിറ്റൽ എക്‌സറെ യൂണിറ്റ് ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി നൽകുന്നത്. ആ വർഷം തന്നെ ഒക്ടോബർ 21-നാണ് എലി കടിച്ച് എക്‌സറേ യൂണിറ്റ് കേടായി എന്ന വിവരം ജീവനക്കാർ സൂപ്രണ്ടിനെ അറിയിക്കുന്നത്.
മാർച്ചിൽ ആശുപത്രിയിൽ ലഭിച്ചതാണെങ്കിലും എക്‌സ്‌റേ യൂണിറ്റ് ഒരിക്കൽ പോലും ഉപയോഗിച്ചിരുന്നില്ല. ആശുപത്രിയിൽ എത്തി മാസങ്ങൾ കഴിയും മുൻപ് തന്നെ യന്ത്രത്തിന് കേടുപറ്റി. അധികൃതരുടെ അനാസ്ഥയാണ് ഇത്തരത്തിൽ സംഭവിക്കാൻ കാരണമെന്ന് ആരോപണം ഉയർന്നിരുന്നു. ജില്ലാ ആശുപത്രി സൂപ്രണ്ടും കമ്പനിയും തമ്മിലുള്ള കരാറിൽ പറഞ്ഞിരിക്കുന്നത് പ്രകാരം ഉപകരണത്തിന്റെ സംരക്ഷണ ഉത്തരവാദിത്തം പൂർണമായും ആശുപത്രിക്കാണെന്നാണ്. സംഭവത്തിൽ പരാതി ഉയർന്നതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ഇതിൻ പ്രകാരമുള്ള റിപ്പോർട്ടിലാണ് എലി കടിച്ച് നശിപ്പിച്ച വിവരം അറിയിച്ചത്. എന്നാൽ അധികൃതരുടെ വീഴ്ചയെ സംബന്ധിച്ച് പരാമർശങ്ങളൊന്നും തന്നെ റിപ്പോർട്ടിലില്ല.
എലി കരണ്ട ഉപകരണം നന്നാക്കുന്നതിനായി 30 ലക്ഷം രൂപ ചിലവഴിക്കേണ്ട സാഹചര്യമാണ് നിലവിൽ. നൂറ് കണക്കിന് എക്‌സറേ കേസുകൾ അനുദിനം എത്തുന്ന ആശുപത്രിയിൽ പ്രവർത്തന സജ്ജമായ രണ്ട് എക്‌സറേ യൂണിറ്റുകൾ മാത്രമാണ് നിലവിലുള്ളത്. അപ്പോഴാണ് രോഗികൾ ഉള്ളിടത്തേക്ക് കൊണ്ടുപോകാൻ സാധിക്കുന്ന അത്യാധുനിക പോർട്ടബിൾ എക്സ്റേ യൂണിറ്റ് അശ്രദ്ധ മൂലം നശിച്ചു പോയത്.
Comments