ശ്രീനഗർ: ജമ്മുകശ്മീരിനെ അന്താരാഷ്ട്ര സിനിമ ഷൂട്ടിംഗ് ഡെസിറ്റേഷനായി ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യമായിരുന്നു ജി 20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് ശ്രീനഗറിൽ തന്നെ നടത്താനുള്ള കേന്ദ്ര നീക്കത്തിന് പിന്നിൽ. ത്രിദിന ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിൽ ചലച്ചിത്ര വിനോദസഞ്ചാരത്തിന്റെ പ്രാധാന്യം, സമ്പദ്വ്യവസ്ഥ, സംസ്കാരം എന്നിവ ചർച്ച ചെയ്യപ്പെട്ടു. ഇതോടൊപ്പം ഫിലിം ടൂറിസം ഫോർ ഇക്കണോമിക് ആൻഡ് കൾച്ചറൽ പ്രിസർവേഷൻ എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു. ഇതിന് മികച്ച പ്രതികരണമാണ് പ്രതിനിധികളിൽ നിന്നും ലഭിച്ചത്.
ജമ്മുകശ്മീർ സിനിമകൾ ചിത്രീകരിക്കാൻ അനുയോജ്യമായ സ്ഥലമാണെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഫിലിം ടൂറിസത്തിന് അനന്തമായ സാദ്ധ്യതകളാണ് ജമ്മുകശ്മീരിലുളളതെന്നും വിവിധ മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ വർക്കിംഗ് ഗ്രൂപ്പ് പ്രതിനിധികൾ വ്യക്തമാക്കി. കേന്ദ്രഭരണ പ്രദേശത്ത് നിരവധി ബോളിവുഡ് ചിത്രങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. മറ്റ് അനേകം ഇന്ത്യൻ ഭാഷ സിനിമകൾക്കും കശ്മീർ വേദിയായിട്ടുണ്ട്. ജി 20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് നടന്നതോടെ വിദേശ സിനിമകളുടെ ചിത്രീകരണങ്ങളും കശ്മീരിലേക്കെത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
2021 ജമ്മുകശ്മീരിലെ ചലച്ചിത്ര നിർമ്മാണത്തിന്റെ സുവർണ കാലഘട്ടമായിരുന്നെന്ന് അധികൃതർ പറയുന്നു. നിരവധി ചിത്രങ്ങൾ കേന്ദ്രഭരണ പ്രദേശത്തുവെച്ച് ചിത്രീകരിച്ചു. ഇതിനോടനുബന്ധിച്ച് സർക്കാർ പുതിയ ജെകെ ഫിലിം പോളിസി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ മേഖലകളെ ഫിലിം ഷൂട്ടുകൾക്കുള്ള സാധ്യതയുള്ള സ്ഥലങ്ങളായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതുവഴി ചലച്ചിത്ര വിനോദസഞ്ചാര മേഖലയ്ക്ക് ഉത്തേജനം ലഭിക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.
Comments