ന്യൂഡൽഹി: നേപ്പാളിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി പ്രോജക്റ്റ് ഇന്ത്യയിലെ സത്ലജ് ജൽ വിദ്യുത് നിഗത്തിന്. 669 മെഗാവാട്ട് പദ്ധതി അരുൺ നദിയിലാണ് വികസിപ്പിക്കുക. നിലവിൽ കിഴക്കൻ നേപ്പാളിലെ അരുൺ നദിയിൽ തന്നെ 900 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലാണ് സത്ലജ് ജൽ വൈദ്യുത് നിഗം ലിമിറ്റഡ്. 2024 ഈ പദ്ധതി പൂർത്തിയാകും.
നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡയുടെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായാണ് ഇന്ത്യൻ ജലവൈദ്യുത പദ്ധതിക്ക് നേപ്പാൾ അനുമതി നൽകിയത്. ഇന്ത്യ- നേപ്പാൾ സംയുക്ത പദ്ധതിക്ക് പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡയുടെ അധ്യക്ഷതയിൽ ചേർന്ന ഇൻവെസ്റ്റ്മെന്റ് ബോർഡാണ് അംഗീകാരം നൽകിയത്. 92.68 ബില്യൺ രൂപയുടെ ജല വൈദ്യുത പദ്ധതിയാണ് നടപ്പിലാക്കുക.
പുതിയ ജലവൈദ്യുത പദ്ധതി രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഒരു നാഴികക്കല്ലായി മാറുമെന്ന് ഇൻവെസ്റ്റ്മെന്റ് ബോർഡ് പ്രസ്താവനയിൽ പറയുന്നു. സത്ലജ് ജൽ വൈദ്യുത് നിഗം ലിമിറ്റഡ് നേപ്പാളിൽ ലോവർ അരുൺ പവർ ഡെവലപ്മെന്റ് കമ്പനി എന്ന പ്രാദേശിക കമ്പനി രൂപീകരിച്ചിട്ടുണ്ട്.
Comments