ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിദ്ധ്യമായിരുന്ന താരമായിരുന്നു രംഭ. മലയാള സിനിമകളിലുൾപ്പെടെ നിരവധി ശ്രദ്ധേയമായ സിനിമകളിൽ നായികാ വേഷത്തിലും താരമെത്തിയിരുന്നു. സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും താരം സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. രംഭ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്‌ക്കാറുണ്ട്. ഇപ്പോഴിതാ താരം മകൾക്കും ഭർത്താവ് ഇന്ദ്രനുമൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
മകളുടെ സ്‌കൂളിലെ കോൺവെക്കേഷൻ ചടങ്ങിനെത്തിയതായിരുന്നു രംഭയും ഭർത്താവും. മൂന്ന് പേരും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ലാന്യ എന്നാണ് മകളുടെ പേര്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ അഭിനന്ദനമറിയിച്ച് കമന്റുകൾ ചെയ്തിരിക്കുന്നത്. മുൻപും സമീന ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്. സ്‌കൂളിൽ നിന്നുള്ള വേദിയിൽ നിന്ന് സംസാരിക്കുന്നതും സമ്മാനം കയ്യിൽ പിടിച്ച് നിൽക്കുന്ന മകളുടെ ചിത്രങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വളരെപെട്ടെന്നായിരുന്നു വൈറലായത്.
ലാന്യ ഇന്ദ്രകുമാർ എന്നായിരുന്നു താരം ചിത്രത്തിന് താഴെ അടിക്കുറിപ്പായി പങ്കുവെച്ചത്. മകളെ കണ്ടാൽ രംഭയെപ്പോലെ തന്നെയുണ്ടെന്നായിരുന്നു ആരാധകരുടെ കമന്റ്. നിങ്ങൾ സ്‌കൂളിൽ പഠിച്ചപ്പോഴുള്ള ചിത്രങ്ങളാണെന്ന് വിചാരിച്ചു, പിന്നീടാണ് മകളാണെന്ന് മനസിലായത് എന്നിങ്ങനെ നീളുന്നു ചിത്രത്തിന് ലഭിച്ച കമന്റുകൾ.
വിജയലക്ഷ്മി യീദി എന്ന രംഭ തൊണ്ണൂറുകളിൽ തെന്നിന്ത്യയിലെ തന്നെ പ്രധാന നടികളിൽ ഒരാളായിരുന്നു. മലയാളത്തിൽ സർഗം എന്ന ചിത്രത്തിലാണ് പതിനഞ്ചാം വയസിൽ രംഭ അഭിനയം തുടങ്ങിയത്. പിന്നീട് തമിഴിൽ രജനീകാന്ത്, അജിത്, വിജയ്, എന്നിവരോടൊപ്പവും ഹിന്ദിയിൽ സൽമാൻ ഖാനൊപ്പവും മലയാളത്തിൽ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരോടൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്.
Comments