ന്യൂഡൽഹി: കേരളത്തിലെ മീഡിയ ഹൗസുകൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ വാർത്താവിതരണ വിക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ. സംസ്ഥാനത്ത മാദ്ധ്യമസ്വാതന്ത്ര്യം ഭീഷണിയിലാണെന്നും സർക്കാരിന്റെ തെറ്റുകളെ പുറത്തുകൊണ്ടുവരുന്ന മാദ്ധ്യമങ്ങളെ ഇടതുസർക്കാർ ഭയപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുകയാണെന്നും ജാവദേക്കർ പറഞ്ഞു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സമാന അഭിപ്രായം പങ്കുവച്ചിരുന്നു. കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്നത് അടിച്ചമർത്തലാണെന്നും അഴിമതിക്കഥകൾ വെളിപ്പെടുത്തുന്ന മാദ്ധ്യമപ്രവർത്തകരെ വിരട്ടി നിശബ്ദമാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെയാണ് ചില ടെലിവിഷൻ ചാനലുകൾക്കെതിരെയും മാദ്ധ്യമ പ്രവർത്തകർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്ത സംഭവമുണ്ടാകുന്നത്. യൂട്യൂബ് ചാനലിനെതിരായ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, മാദ്ധ്യമപ്രവർത്തകരുടെ വീടുകളും അവരുടെ ഓഫീസും റെയ്ഡ് ചെയ്ത പോലീസ് നടപടി പിണറായി സർക്കാർ നടത്തുന്ന മാദ്ധ്യമവേട്ടയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഇത്തരം അടിച്ചമർത്തലുകൾ ലജ്ജയില്ലാതെ തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ബിബിസി ഡോക്യുമെന്ററി നിരോധിച്ചതിനെതിരെയും മാദ്ധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയും വാതോരാതെ പ്രസംഗിച്ചിരുന്നത്. ഇരട്ടാത്താപ്പ് മുഖമുദ്രയാക്കി, വിരട്ടലിന്റെ രാഷ്‌ട്രീയം കളിക്കുന്ന ഒരു സർക്കാർ രാജ്യത്തുണ്ടെങ്കിൽ കേരളത്തിലെ മാർക്സിസ്റ്റ് ഗവൺമെന്റ് പ്രതിനിധീകരിക്കുന്നത് അത്തരമൊരു സർക്കാരിനെയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Comments