കണ്ണൂര്‍; പാനൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. പ്ലസ് ടു വിദ്യാര്‍ഥി സിനാന്റെ മൃതദേഹമാണ് ചെറുപ്പറമ്പ് പുഴയില്‍ നിന്ന് കണ്ടെത്തിയത്. ചെറുപ്പറമ്പ് ചേലക്കാട്ട് പുഴയുടെ ഭാഗമായ കുപ്യാട് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ചെറുപറമ്പ് ഫീനിക്സ് ലൈബ്രറിക്കടുത്ത് താഴോട്ടും താഴെ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ ഇന്നലെയാണ് ഒഴുക്കില്‍പ്പെട്ടത്.കല്ലിക്കണ്ടി എന്‍എഎം കോളജ് കംപ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥി മുഹമ്മദ് ഷഫാദാസിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ജാതിക്കൂട്ടത്തെ തട്ടാന്റവിട മൂസ – സമീറ ദമ്പതികളുടെ മകനാണ്.
കാണാതായ കക്കോട്ട് വയലിലെ രയരോത്ത് മുസ്തഫയുടെ മകന് സിനാനിനായി ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായിരുന്നില്ല. വ്യാഴാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അഞ്ച് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഇവിടെ കുളിക്കാനിറങ്ങിയത്.
ഇതില്‍ രണ്ടു പേര് ഒഴുക്കില്‍പെടുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും കൊളവല്ലൂര്‍ പൊലീസും പാനൂര്‍ ഫയര്‍ യൂണിറ്റും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് ഷഫാദിനെ കണ്ടെത്തിയത്. ഉടന്‍ പാനൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Comments