വനവാസത്തിനു മുമ്പ് താൻ നേടിയ സമ്പത്തെല്ലാം രാമൻ ദാനം ചെയ്തു. വല്‌ക്കലമണിഞ്ഞു. സീതയും ലക്ഷ്മണനുമൊത്ത് ദശരഥനെക്കാണാനെത്തി. സുമന്ത്രർ എന്ന മന്ത്രി ദശരഥനോട് രാമൻ കാത്തു നിൽക്കുന്നതായി അറിയിച്ചു. തന്റെ ഭാര്യമാരെ എല്ലാം വിളിക്കാൻ ദൾരഥൻ സുമന്ത്രരോട് പറഞ്ഞു. അപ്പോൾ മന്നവേന്ദ്രൻ രാമനെക്കാണാൻ പുറത്തേക്കെഴുന്നള്ളി. രാമനെക്കണ്ടതും മോഹാലസ്യപ്പെട്ടു വീണു. രാമൻ ഓടിച്ചെന്നെടുത്ത് പിതാവിനെ പള്ളിമഞ്ചത്തിൽ കിടത്തി. ദു:ഖത്തിന്റെ അലയാഴിയിൽ വീണ രാജാവ് അല്പം കഴിഞ്ഞ് കണ്ണുതുറന്നു.
“എന്റെ പ്രിയപുത്രാ, കൈകേയിയോടുള്ള പ്രിയം കൊണ്ട് ഞാൻ നൽകിയ വരദാനം എനിക്കു ഭ്രാന്ത് പിടിപ്പിച്ചിരിക്കുന്നു. എന്നെ ബന്ധിച്ച് കാരാഗൃഹത്തിലടച്ചിട്ട് നീ തന്നെ അയോദ്ധ്യയിലെ രാജാവാകുക.”
സത്യവൃതനായ രാമന് ഇതൊന്നും കേട്ടിട്ട് കുലുക്കമുണ്ടായില്ല. വാക്കുപാലിക്കുന്നതിൽ നിന്ന് തെല്ലും പിന്നോട്ട് പോയില്ല.സുമന്ത്രർ പോലും കൈകേയിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഫലിച്ചില്ല. കൈകേയിയുടെ അമ്മയും ഇതുപോലെ ദുർവ്വാശിക്കാരിയായിരുന്നു എന്ന് സുമന്ത്രർ പറയുന്നു.
കേകയ മഹാരാജാവിന് സർവ്വജീവികളുടെയും ഭാഷ മനസ്സിലാക്കാനുള്ള കഴിവ് ഒരു ദിവ്യൻ വരമായി നൽകിയിരുന്നു. പള്ളിക്കുറുപ്പിനൊരുങ്ങുമ്പോൾ രണ്ട് ഉറുമ്പുകൾ നടത്തിയ സംഭാഷണം കേട്ട് മഹാരാജാവ് അറിയാതെ ചിരിച്ചു പോയി. ഇതിനു കാരണമൊന്നും കാണാനില്ലാതെ പ്രണയവിവശയായി അടുത്തുണ്ടായിരുന്ന മഹാറാണി കോപിച്ചു. “എന്തിനാണിങ്ങനെ പൊട്ടിച്ചിരിച്ചത്?”
“റാണി, അതിനുള്ള കാരണം പറയാൻ പാടില്ല. പറഞ്ഞു പോയാൽ ഉടനെ അതെന്റെ മരണത്തിനു കാരണമാകും” “മരിക്കുന്നെങ്കിൽ മരിക്കട്ടെ. ചിരിച്ചതിന്റെ കാരണം എനിക്കറിഞ്ഞേ മതിയാവു” എന്നായി രാജ്ഞി.
ഗതിമുട്ടിയ മഹാരാജാവ് തനിക്കു വരം തന്നെ ദിവ്യനെ കണ്ട് വിവരം പറഞ്ഞു.
“സ്വന്തം ഭർത്താവ് ചാകുന്നെങ്കിൽ ചാകട്ടെ എന്നു പറയുന്ന ഭാര്യയ്‌ക്ക് എത്രത്തോളം ആത്മാർത്ഥതയും സ്നേഹവുമുണ്ടെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. അവളോട് അവളുടെ പാട്ടിനു പോകാൻ പറ. അവളോട് ഒന്നും മിണ്ടരുത്.”
ദിവ്യന്റെ ഉപദേശപ്രകാരം മഹാരാജാവ് റാണിയുടെ ആവശ്യം നിസ്സാരമായി തള്ളി. അതുകൊണ്ട് മഹാരാജാവ് രക്ഷപ്പെട്ടു. അതു പോലെ കൈകേയി രാജ്ഞിയും അങ്ങയെ ദുഷ്കൃതത്തിനു പ്രേരിപ്പിക്കുകയാണ്. ആൺമക്കൾ പിതാവിനെപ്പോലെയും പെൺമക്കൾ മാതാവിനെപ്പോലെയും എന്നൊരു നാട്ടു ചൊല്ലുണ്ട്. ഈ സംഭവത്തിൽനിന്ന് അതു ശരിയാണെന്നെനിക്കു തോന്നുന്നു. അതുകൊണ്ട് ദേവി, നിർബ്ബന്ധബുദ്ധിയുപേക്ഷിച്ച് മഹാരാജാവ് പറയുന്നതു കേൾക്കൂ. ദേവേന്ദ്ര തുല്യനായ മഹാരാജാവിനെക്കൊണ്ട് അധർമ്മം ചെയ്യിക്കാതിരിക്കൂ.” ഇതൊക്കെ കേട്ടിട്ടും കൈകേയിയ്‌ക്ക് കുലുക്കമുണ്ടായില്ല. രാമായണം മൂലകൃതിയിലാണ് കൈകേയിയുടെ മാതാവിനെപ്പറ്റി ഈ പരാമർശമുള്ളത്.
ഓരോ കുഞ്ഞിനും മാതാപിതാക്കളാണ് മാതൃക. ആയതിനാൽ ശ്രദ്ധയോടെ ജീവിക്കുവാൻ രാമായണം പറയുന്നു. കുഞ്ഞുങ്ങൾക്കു മുന്നിൽ മോഡലാകുവാൻ ഓരോ മാതാവും ശ്രമിക്കണം.
ഇനി രാമനിൽ നിന്ന് മുഗൾ രാജാക്കന്മാരിലേക്കു വന്നാൽ സ്വന്തം പിതാവിനെ ബന്ധനസ്ഥനാക്കി അധികാരം പിടിച്ചെടുത്തതിന്റെ ഒക്കെ ചരിത്ര രേഖകൾ കാണാം. ഷാജഹാനെ ബന്ധനസ്ഥനാക്കി ,സ്വന്തം സഹോദരങ്ങളായ ദാരാ ഷൂക്കോവ് , ഷൂജാ, മുറാദ് എന്നിവരെ അതി ഭീകരമായി കൊലപ്പെടുത്തിയാണ് ഔറംഗസേബ് അധികാരം പിടിച്ചത്. രണ്ടു തരം ജീവിത ചര്യകളുടെയും ധർമ്മ ബോധത്തിന്റെയും തെളിവാനാണത്.
ഔറംഗസീബിന്റെ ചരിത്രവും നടന്നത് ഭാരതത്തിലാണ്. രക്തത്തിന് പച്ചവെള്ളത്തിന്റെ വില പോലും കല്പിക്കാത്ത മുഗള ഭരണത്തെ പ്രകീർത്തിച്ചും, രാമനെപ്പറ്റി തെറ്റിദ്ധരിപ്പിച്ചും നിരവധി ‘ചരിത്രകഥകൾ’ പാo പുസ്തകങ്ങളിലൂടെ പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്താറുണ്ട്. മഹാത്മജി ഉയർത്തിക്കാട്ടിയ രാമരാജ്യം എന്ന സങ്കല്പം പോലും പിന്മുറക്കാർ മറന്നു പോയി എന്നതും ചരിത്രം. രാമന് ഉചിതമായ സ്മാരകമുയരുന്നത് ചരിത്രത്തിന്റെ നീതി തന്നെയാണ്. അതും രക്തച്ചൊരിച്ചിലില്ലാതെ നടപ്പായി എന്നതും കാലത്തിന്റെ കാവ്യനീതിയാകാം.
“സത്യത്തെ ലംഘിക്കയില്ലൊരു നാളും ഞാൻ
ചിത്തേ വിഷാദമുണ്ടാകായ്കതു മൂലം.
കാലവിളംബനമെന്തിനെന്നല്ലല്ലീ
മൂലമതിനുണ്ടതും പറഞ്ഞീടുവൻ.
കാലാവലോകനം കാര്യസാദ്ധ്യം നൃണാം
കാലസ്വരൂപനല്ലോ പരമേശ്വരൻ!
എന്നാണ് അദ്ധ്യാത്മരാമായണത്തിൽ ശ്രീരാമൻ പറയുന്നത്.
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/















