ചെന്നൈ: എൻഡിഎയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം. എൻഡിഎ യോഗത്തിലേക്ക് തന്നെ ക്ഷണിച്ചിരുന്നില്ല. വിളിച്ചിരുന്നെങ്കിൽ ഉറപ്പായും എത്തുമായിരുന്നു. മുന്നണിയിൽ തുടരുന്നത് സംബന്ധിച്ച് ബിജെപി ഇതുവരെ ഒന്നും അറിയിച്ചിട്ടില്ല. എന്നിരുന്നാലും ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
എഐഎഡിഎംകെയിലെ പൊട്ടിത്തെറിയെ തുടർന്നാണ് ഒ.പനീർസെൽവത്തിന് പാർട്ടിയുടെ കടിഞ്ഞാൺ നഷ്ടപ്പെടുന്നത്. എടപ്പാടി പളനിസാമിയെ പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത ജനറൽ ബോഡി തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലെല്ലാം ഒപിഎസ് കോടതികളിൽ നിന്നും തിരിച്ചടി നേരിട്ടിരുന്നു. പിന്നാലെ പാർട്ടിയിൽ നിന്നും പുറത്തുപോയ ഒപിഎസ് പുതിയ നീക്കങ്ങൾ ഒന്നുംതന്നെ നടത്തിയിരുന്നില്ല.
ഡൽഹിയിൽ ബുധനാഴ്ച നടന്ന എൻഡിഎ യോഗത്തിലേക്ക് എടപ്പാടി പളനിസാമിക്ക് മാത്രമായിരുന്നു ക്ഷണമുണ്ടായിരുന്നത്. ക്ഷണപ്രകാരം പളനിസാമി പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയ്‌ക്ക് ഒപ്പംതന്നെ നിൽക്കുമെന്ന് ഒപിഎസ് പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്.
Comments