പാലക്കാട്: പഞ്ചായത്തിലെ താൽക്കാലിക നിയമനത്തിന് ഡിവൈഎഫ്ഐ നേതാവ് വ്യാജരേഖ ചമച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ തൊഴിലുറപ്പ് ഓവർസീയർ നിയമനത്തിനാണ് ഡിവൈഎഫ്ഐ നേതാവ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയത്. ഡിവൈഎഫ്ഐ നേതാവ് റാഷിദിനെതിരെയാണ് കല്ലടിക്കോട് പോലീസ് കേസെടുത്തത്.
ഒരു വർഷം മുൻപാണ് പാലക്കാട് തച്ചമ്പാറ പഞ്ചായത്തിൽ തൊഴിലുറപ്പ് ഓവർസീയർ നിയമന നടപടികൾ നടന്നത്. അന്ന് ജോലിയ്ക്കായി ശ്രമിച്ച ഡിവൈഎഫ്ഐ നേതാവ് റാഷിദ് പഞ്ചായത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുകയായിരുന്നു. എൻ.സി.വി.ടി. ഡ്രാഫ്റ്റ് മാൻ സിവിൽ സർട്ടിഫിക്കറ്റാണ് നിയമനത്തിനായി റാഷിദ് പഞ്ചായത്തിൽ സമർപ്പിച്ചത്. എന്നാൽ സർട്ടിഫിക്കറ്റ് കൂടുതൽ പരിശോധന നടത്തിയപ്പോൾ ഇതേ നമ്പറിൽ യദുകൃഷ്ണൻ എന്നയാൾക്കാണ് എൻ.സി.വി.ടി സർട്ടിഫിക്കറ്റ് ഉള്ളതെന്ന് കണ്ടെത്തി. ഇതോടെ റാഷിദ് മറ്റൊരാളുടെ സർട്ടിഫിക്കറ്റിലെ പേരും മറ്റും തിരുത്തി വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതാണെന്ന് വ്യക്തമാകുകയായിരുന്നു.
സംഭവത്തിൽ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ പഞ്ചായത്ത് അധികൃതർ റാഷിദിനെ നിയമിച്ചിരുന്നില്ല എങ്കിലും പോലീസിൽ പരാതി നൽകിയിരുന്നില്ല എന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെയ്ക്കുകയാണ്.
Comments