സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്നവരുടെ പ്രധാന ആശ്രയമാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ. അത്തരത്തിൽ ബാങ്ക് നിക്ഷേപത്തെ ഇരട്ടിയാക്കുന്ന പദ്ധതിയാണ് എസ്ബിഐയുടെ ‘ വീ കെയർ പദ്ധതി’.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് വീ കെയർ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. മുതിർന്ന പൗരന്മാർക്കായുള്ള പ്രത്യേക നിക്ഷേപ പദ്ധതിയാണ് വീ കെയർ പദ്ധതി. കൊറോണ മഹാമാരി സമയത്ത് മുതിർന്ന പൗരന്മാരുടെ പണത്തിന് മികച്ച പലിശ ഉറപ്പ് വരുത്തുന്നതിന് ആരംഭിച്ച പദ്ധതി പിന്നീട് കാലാവധി ഉയർത്തി. നിലവിൽ സെപ്റ്റംബർ 30 വരെ നിക്ഷേപിക്കാവുന്നതാണ്.
60 വയസ് കഴിഞ്ഞവർക്കാണ് പദ്ധതിയിൽ ചേരാനുള്ള അവസരം. റെഗുലർ നിക്ഷേപത്തെ അപേക്ഷിച്ച് ഒരു ശതമാനം അധിക പലിശ ലഭിക്കും. അഞ്ച് മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളാണ് ബാങ്ക് വീകെയർ എഫ്ഡി പ്രകാരം സ്വീകരിക്കുന്നത്. നിക്ഷേപകർക്ക് 7.50 ശതമാനം പലിശ ലഭിക്കും. ഈ എഫ്ഡി പദ്ധതിയിൽ നിക്ഷേപിച്ചാൽ പണം ഇരട്ടിയാക്കി മാറ്റാവുന്നതാണ്. സെപ്റ്റംബർ 30-ന് മുൻപായി സ്ഥിര നിക്ഷേപം ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് നിക്ഷേപം ഇരട്ടിയാക്കാനുള്ള അവസരം ലഭിക്കുകയുള്ളൂ.
ഓൺലൈനായോ യോനോ ആപ്പ് വഴിയോ ബ്രാഞ്ചിൽ നേരിട്ടെത്തിയോ വീകെയർ സ്ഥിര നിക്ഷേപം ആരംഭിക്കാവുന്നതാണ്. പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക അടിസ്ഥാനത്തിൽ സ്ഥിര നിക്ഷേപത്തിൽ നിന്ന് പലിശ ലഭിക്കും.
Comments