ന്യൂഡൽഹി: മോഷ്ടിക്കാൻ കയറുന്ന വീട്ടിലെ സകല സാമഗ്രികളും അടിച്ചുമാറ്റി കൊണ്ടു വരുന്ന കള്ളൻമാരെപ്പോലെയല്ല ഈ കള്ളൻ. തനിക്കൊന്നും കിട്ടിയില്ലെങ്കിലും വീട്ടുകാർ കഞ്ഞി കുടിച്ച് ജീവിച്ചോട്ടെയെന്ന് കരുതിയിട്ടോ അല്ലെങ്കിൽ വീട്ടിൽ ഒരു 500 രൂപയെങ്കിലും എടുത്ത്വെയ്ക്കാമായിരുന്നില്ലേ എന്ന മനോഭാവത്തിലുമായിരിക്കണം തന്റെ കയ്യിലിരുന്ന 500 രൂപ വീട്ടിലിട്ട് കള്ളൻ സ്ഥലം വിട്ടത്.
ന്യൂഡൽഹിയിലെ വിരമിച്ച എഞ്ചിനീയർ എം. രാമകൃഷ്ണയുടെ വീട്ടിലാണ് കള്ളൻ കയറിയത്. രാമകൃഷ്ണൻ മകന്റെ വീട്ടിൽ പോയ സമയത്തായിരുന്നു കള്ളന്റെ മോഷണശ്രമം. അയൽവാസികൾ വിവരം നൽകിയതിനെ തുടർന്ന് തിരിച്ചെത്തിയ രാമകൃഷ്ണൻ കാണുന്നത് കള്ളൻ തനിക്കായി കരുതിവെച്ച 500 രൂപ നോട്ടാണ്. തുടർന്ന് പോലീസിൽ അദ്ദേഹം പരാതിയ നൽകുകയായിരുന്നു. വിലപ്പിടിപ്പുള്ള സാധനങ്ങൾ അലമാരയിൽ സൂക്ഷിക്കുന്ന ശീലം തനിക്കില്ലാത്തതുകൊണ്ട് ഒന്നും നഷ്ടമായില്ലെന്നും അദ്ദേഹം പറഞ്ഞു. രാമകൃഷ്ണന്റെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തിട്ടുണ്ട്
Comments