തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് പരോളില്ല. ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതിനെ തുടർന്നാണ് തീരുമാനം. ഇത്തരം സാഹചര്യങ്ങളിൽ പിടിക്കപ്പെടുന്നവർക്ക് ഇനി മുതൽ അടിയന്തര പരോളും ലഭ്യമാകില്ല. മയക്കുമരുന്ന് വിൽപ്പന വർദ്ധിച്ചു വരുന്നത് കണക്കിലെടുത്താണ് സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
സ്കൂൾ കുട്ടികളിലും മുതിർന്നവരിലുമായി മയക്കുമരുന്ന് ഉപയോഗവും വിതരണവും അനുദിനം വർദ്ധിച്ചു വരികയാണ്. ഇത്തരം കുറ്റകൃത്യങ്ങൾ അനിയന്ത്രിതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിലവിലുള്ള ശിക്ഷാ നടപടികൾ പര്യാപ്തമല്ല എന്ന് കണ്ടെത്തുകയായിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെട്ട് ജയിൽവാസം അനുഭവിക്കുന്നവർക്ക് പരോൾ ലഭിച്ചാൽ ഇവർ പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന സാഹചര്യം വർദ്ധിച്ചു വരുന്നു. കൂടാതെ പരോൾ ലഭിക്കുന്നതോടെ കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കപ്പെടാനും ഇടയുണ്ട് എന്നത് കണക്കിലെടുത്താണ് അന്തിമ തീരുമാനം.
ഇതിന് പുറമേ വരും തലമുറയ്ക്ക് ഇത് കൂടുതൽ ദോഷം ചെയ്യും. ഇക്കാരണത്താൽ തന്നെ തടവുകാരെ ശിക്ഷാകാലയളവ് അവസാനിക്കുന്നത് വരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുന്നതിനായി 2014-ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സന്മാർഗീകരണ സേവനങ്ങളും ചട്ടങ്ങൾ ഭേദഗതിചെയ്ത് ഇത്തരം തടവുകാർക്ക് അനുവദിച്ചിട്ടുള്ള പരോൾ നിർത്തലാക്കുന്നതിന് വ്യവസ്ഥ ഉൾപ്പെടുത്തുന്നതിന് സർക്കാർ തീരുമാനിച്ചതായി വിജ്ഞാപനത്തിൽ പറയുന്നു.
Comments