കോഴിക്കോട്: ഒമ്പത് മാസം പ്രായമായ കുഞ്ഞിന്റെ അന്നനാളത്തിൽനിന്നും കളിപ്പാട്ടം നീക്കംചെയ്തു. ഏഴ് സെന്റിമീറ്റർ വലുപ്പമുള്ള പ്ലാസ്റ്റിക് കളിപ്പാട്ടമാണ് നീക്കം ചെയ്തത്. കളിക്കുന്നതിനിടെ കളിപ്പാട്ടം കാണാതായതോടെ വീട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു. കടുത്ത ചുമയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നുളള പരിശോധനയിലാണ് കുട്ടി കളിപ്പാട്ടം വിഴുങ്ങിയ വിവരം വ്യക്തമായത്.
കുട്ടിയെ എക്സ് റേ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ പ്ലാസ്റ്റിക് ആയതിനാൽ എക്സ് റേയിൽ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് എൻഡോസ്കോപ്പിയിലൂടെ പരിശോധിക്കുകയും കളിപ്പാട്ടം കണ്ടെത്തുകയും ചെയ്തു. പക്ഷേ, കളിപ്പാട്ടത്തിന്റെ വലിപ്പവും അത് ഇരിക്കുന്ന രീതിയും കാരണം എൻഡോസ്കോപ്പി വഴി നീക്കം ചെയ്യുന്നതും അസാധ്യമായിരുന്നു.
തുടർന്ന് അന്നനാളത്തിൽ വെച്ച് കളിപ്പാട്ടം ചെറിയ കഷണങ്ങളായി മുറിച്ച് എല്ലാ ഭാഗങ്ങളും എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി നീക്കം ചെയ്യുകയുമായിരുന്നു.
Comments