ന്യൂഡൽഹി: ഹിമാലയ സാനുക്കളിൽ നിന്നും പുരാതന സമുദ്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെടുത്തതായി പഠന റിപ്പോർട്ട്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും (ഐഐഎസ്സി) ജപ്പാനിലെ നീഗാറ്റ സർവകലാശാലയും സംയുക്തമായി നടത്തിയ പഠനത്തിലാണ് സുപ്രധാന കണ്ടെത്തൽ. പ്രീകാംബ്രിയൻ റിസർച്ചിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്
ഏകദേശം 600 ദശലക്ഷം വർഷം പഴക്കമുള്ള ധാതു നിക്ഷേപങ്ങളിലാണ് സമുദ്രജലം അകപ്പെട്ടത്. പടിഞ്ഞാറൻ കുമയോൺ ഹിമാലയത്തിലെ അമൃത്പൂർ മുതൽ മിലാം ഹിമാനി വരെയും ഡെറാഡൂൺ മുതൽ ഗംഗോത്രി ഹിമാനി മേഖല വരെയും ഗവേഷകർ പഠനം നടത്തി. കാൽസ്യം, മഗ്‌നീഷ്യം കാർബണേറ്റുകളിൽ അകപ്പെട്ടുപോയ കടൽ ജലത്തുള്ളികൾക്ക് ഭൂമിയുടെ ഭൂതകാലത്തിലേക്ക് വെളിച്ചം വിശാൻ കഴിയുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.
500 മുതൽ 700 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് നീണ്ട ഹിമപാതത്തിന് ഭൂമി വിധേയമാവുകയും ഒടുവിൽ കട്ടിയുള്ള ഹിമപാളികളാൽ രൂപപ്പെട്ടതായും ശാസ്ത്രജ്ഞർ സിദ്ധാന്തിക്കുന്നു. സ്‌നോബോൾ എർത്ത് ഗ്ലേസിയേഷൻ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഭൂമിയുടെ ചരിത്രത്തിലെ പ്രധാന ഹിമപാത ങ്ങളിലൊന്നായാണ് കരുതപ്പെടുന്നത്. പിന്നീട് ഭൂമിയുടെ അന്തരീക്ഷത്തിൽ ഓക്‌സിജന്റെ അളവ് വർദ്ധിപ്പിക്കുകയും സങ്കീർണ്ണമായ ജീവരൂപങ്ങളുടെ പരിണാമത്തിലേക്ക് നയിക്കുകയും ചെയ്തതായി പഠനത്തിൽ പറയുന്നു. എന്നാൽ ഇവയെല്ലാം ബന്ധിപ്പിക്കുന്ന ഫോസിലുകളുടെ വീണ്ടെടുക്കാൻ ഗവേഷകർക്ക് ഇതുവരെ സാധീച്ചിട്ടില്ല. അതിനാൽ തന്നെ പുരാതന സമുദ്രങ്ങളുടെയും തിരോധാനത്തിന്റെ കാരണം പൂർണ്ണമായും പുറത്ത് വന്നിട്ടില്ല.
ഹിമാലയത്തിൽ നിന്നുള്ള കണ്ടെത്തൽ കൂടുതൽ ശാസ്ത്ര സത്യങ്ങളിലേക്ക് വെളിച്ചം വീശുമെന്നാണ് വിലയിരുത്തുന്നത്. ഇന്ന് കാണുന്ന സമുദ്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അപ്രത്യക്ഷമായ സമുദ്രങ്ങൾ എത്ര വ്യത്യസ്തമാണ് അല്ലെങ്കിൽ സമാനമാണ് എന്നിവ സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. അവയുടെ രാസ- ഐസോടോപിക് ഘടനകൂടുതൽ പഠനവിധേയമാക്കുമെന്ന് ഗവേഷകർ വ്യക്തമാക്കി. ഭൂമിയുടെ മുൻകാല കാലാവസ്ഥയെക്കുറിച്ചുള്ള കൂടുതൽ സൂചനകൾ നൽകാനും പുതിയ കണ്ടെത്തലിന് സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Comments