ശ്രീനഗർ: ജമ്മുകശ്മീരിൽ നാല് ലഷ്‌കർ ഭീകരർ പിടിയിൽ. കുൽഗാമിൽ നിന്നാണ് ഭീകര സംഘടനായ ലഷ്‌കർ ഇ ത്വയ്ബയിലെ ഭീകരരെ പിടികൂടിയത്. പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ പിടികൂടിയത്. കുൽഗാം സ്വദേശികളായ നാസിർ, ആഖിബ് , മുഹമ്മദ് അബാസ്, സാഹിദ് അലി എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് പിസ്റ്റൾ, മാഗസീനുകൾ, 14 പിസ്റ്റൽ റൗണ്ടുകൾ, ഗ്രനേഡ് എന്നിവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
പിടികൂടിയ ഭീകരർ ലഷ്‌കർ ഇ-ത്വയ്ബയുമായി ബന്ധമുള്ളവരാണ് സ്ഥിരീകരിച്ചിട്ടുണ്ട്. കുൽഗാം കേന്ദ്രീകരിച്ച് ഭീകരർ പ്രവർത്തിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് ജമ്മുകശ്മീർ പോലീസും സൈന്യവും ചേർന്ന് പ്രദേശത്ത് പരിശോധന നടത്തിയത്. തുടർന്ന് പ്രതികളെ പിടികൂടുകയും ആയുധശേഖരണം കണ്ടെടുക്കുകയും ചെയ്തു. കൂടുതൽ അന്വഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
അടുത്തിടെ, കുൽഗാമിൽ തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതിന് പിഎച്ച്ഡി വിദ്യാർത്ഥിയെ ജമ്മുകശ്മീർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർത്ഥിയായ ഡോ. സബീലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുൽഗാം പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വിദ്യാർത്ഥികൾക്കിടയിൽ ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്താൻ സബീൽ തന്റെ നെറ്റ്‌വർക്ക് ഉപയോഗിക്കുകയായിരുന്നു.
തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന വിദ്യാർത്ഥികൾ ജിഹാദിൽ ചേരാനും നിർബന്ധിതരാകുന്നു. യുവാക്കളെ ജിഹാദിനെക്കുറിച്ച് പഠിപ്പിക്കുന്നതിന് മദ്രസ സ്ഥാപിക്കാനുള്ള പദ്ധതിയെക്കുറിച്ച് ചോദ്യം ചെയ്യലിൽ സബീൽ പോലീസിന് മൊഴി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണ്.
Comments