എറണാകുളം: പുതിയതും പഴയതുമായ ആർസി ബുക്കുകളും ഡ്രൈവിംഗ് ലൈസൻസും കൂന കൂടി കിടക്കുന്നതായി പരാതി. എറണാകുളം ആർടി ഓഫീസിലാണ് കാർബോർഡ് പെട്ടിയിലായി പ്രാധാന്യമർഹിക്കുന്ന രേഖകൾ കെട്ടി കിടക്കുന്നത്. ഓഫീസിൽ നിന്ന് തപാൽ മുഖേന ഉപഭോക്താക്കൾക്ക് അയച്ചതും അവകാശികളെ കണ്ടെത്താൻ കഴിയാതെ തപാൽവകുപ്പ് മടക്കിയതുമായ രണ്ടായിരത്തോളം ആർസിബുക്കും 500-ഓളം ഡ്രൈവിങ് ലൈസൻസുമാണ് ആർടി. ഓഫീസിനകത്തെ മൂലയിൽ കാർഡ് ബോർഡ് പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്നത്.
രജിസ്‌ട്രേഡ് തപാലുകളാണ് മടങ്ങിയെത്തിയിട്ടുള്ളത്. വിലാസം കണ്ടെത്താൻ കഴിയാത്തതാണ് തപാൽ വകുപ്പ് മടക്കാൻ കാരണം. ചില വീടുകളിൽ ആൾ താമസമില്ലെന്നും പോസ്റ്റോഫീസ് ജീവനക്കാർ പറയുന്നു. ഇവ സൂക്ഷിക്കേണ്ട ചുമതല ഇപ്പോൾ മോട്ടോർ വാഹനവകുപ്പിനാണ്.പുതിയ വാഹനങ്ങളുടേതടക്കം ആർസി രേഖകൾ ഇക്കൂട്ടത്തിലുണ്ട്. അപേക്ഷയിൽ കൃത്യമായ മേൽവിലാസം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തിരിച്ചറിയൽ രേഖകളിലെ വിലാസത്തിലേക്കാണ് എംവിഡി ആർസി ബുക്കും ഡ്രൈവിംഗ് ലൈസൻസും മാറ്റുന്നത്.
മേൽവിലാസത്തിലെ തെറ്റുകൾ കാരണം ആർസിയും ലൈസൻസും ലഭിക്കാത്തവർക്ക് എറണാകുളം ആർടി ഓഫീസിൽ നേരിട്ടെത്തി വാങ്ങാവുന്നതാണ്. വാങ്ങാനെത്തുന്ന വേളയിൽ തിരിച്ചറിയൽ രേഖ സമർപ്പിക്കേണ്ടതാണ്. ഉടമ സ്ഥലത്തിലെങ്കിൽ ബന്ധുക്കൾക്കും രേഖകൾ കൈപ്പറ്റാവുന്നതാണ്. ഉടമ നൽകുന്ന അനുമതി പത്രം, രണ്ട് പേരുടെയും തിരിച്ചറിയൽ കാർഡിന്റെ ഒറിജിനലും ഒരു കോപ്പിയും ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Comments