സാധാരണ പ്രശ്നങ്ങളിലൊന്നാണ് പല്ലുവേദന. എന്നാൽ ചില സമയങ്ങളിൽ ഉറക്കം വരെ ഈ വേദന കെടുത്തും. പല്ലുവേദനയ്‌ക്ക് പിന്നിൽ കാവിറ്റി, ഇനാമൽ പൊളിഞ്ഞിളകൽ, അണുബാധ എന്നിവ ഉൾപ്പെടെ വിവധ കാരണങ്ങൾ ഉണ്ടാകാം. പല്ലുവേദന മാറുന്നതിനായി വീട്ടിൽ തന്നെ ചില പൊടിക്കൈകൾ നമുക്ക് ചെയ്യാവുന്നതാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം…
ഉപ്പ് വെള്ളം
തിളപ്പിച്ച് തണുത്ത വെള്ളത്തിൽ കല്ലുപ്പിട്ട് ആ വെള്ളം കവിൾ കൊള്ളുന്നത് നല്ലതാണ്. ഉപ്പിന് അണുബാധകള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ശേഷി നന്നായിട്ടുണ്ട്. അതിനാല്‍, പല്ലുവേദനിച്ചാല്‍ ആദ്യം ചെയ്യാവുന്ന ഏറ്റവും നല്ല മാർഗം ഇതാണ്.
ഹൈഡ്രജന്‍ പെറോക്‌സൈഡ്
പല്ല് വേദന അനുഭവപ്പെട്ടാല്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് പുരട്ടാവുന്നതാണ്. ഇത് വേദനയും നീരും കുറയ്‌ക്കുന്നതിനും അണുക്കളെ നീക്കം ചെയ്യുന്നതിനും സഹായകമാകും. അതുപോലെ, പല്ലിലെ പ്ലാക്ക് നീക്കം ചെയ്യാനും ഇത് വളരെയധികം സഹായിക്കും. ഇത് ഉപയോഗിക്കുന്നതിന് മുന്‍പ് നേര്‍പ്പിച്ച് വേണം ഉപയോഗിക്കേണ്ടത്. ഇതിനായി തുല്ല്യമായ അളവില്‍ വെള്ളവും ഹൈഡ്രജന്‍ പെറോക്‌സൈഡും ഉപയോഗിക്കാവുന്നതാണ്.
വെളുത്തുള്ളി
ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾക്കും വെളുത്തുള്ളി നല്ലതാണ്. അതിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങളാണ് രോഗങ്ങളിൽ നിന്നും നമ്മളെ മുക്തരാക്കുന്നത്. നന്നായി പല്ല് വേദനിക്കുമ്പോള്‍ വെളുത്തുള്ളി എടുത്ത് ചതച്ച് പേയ്സ്റ്റാക്കി വേദനയുള്ള ഭാഗത്ത് വെച്ചാല്‍ വേദനയ്‌ക്ക് ആശ്വാസം ലഭിക്കുന്നതാണ്. അല്ലെങ്കില്‍, വെളുത്തുള്ളിയുടെ ഒരു അല്ലി എടുത്ത് ചവച്ചരച്ചാലും മതിയാകും.
വാനില എസ്സന്‍സ്
വാനില എസ്സന്‍സില്‍ ആല്‍ക്കഹോളിന്റെ അംശം അടങ്ങിയിരിക്കുന്നതിനാല്‍, ഇത് വേദന കുറയ്‌ക്കാൻ സഹായിക്കും. ഇതിനായി ഉപയോഗിക്കുമ്പോള്‍ ശരിക്കുമുള്ള വാനില ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. നല്ല പരിശുദ്ധമായ വാനില എസ്സന്‍സ് എടുത്ത് അതില്‍ പഞ്ഞി മുക്കി കേടുള്ള ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്.
ഗ്രാംപൂ
വീട്ടില്‍ ഗ്രാപൂ ഉണ്ടെങ്കില്‍ അത് വേദനയ്‌ക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് വേദനയും വീക്കവും കുറയ്‌ക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. ഗ്രാപൂ ഓയിലും സണ്‍ഫ്ലവര്‍ ഓയിലും ചേര്‍ത്ത് ലയിപ്പിച്ച് ഇത് പല്ല് വേദനിക്കുന്നിടത്ത് പുരട്ടാവുന്നതാണ്. ഇത് വേദനയ്‌ക്ക് നല്ല ഭേദം നല്‍കും.
Comments