ന്യൂഡൽഹി: അഴിമതിക്കെതിരെ ഒട്ടും സഹിഷ്ണുതയില്ലാത്ത കർശനമായ നയമാണ് ഇന്ത്യക്കുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിൽ നടന്ന ജി 20 അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
‘അഴിമതിക്കെതിരെ സീറോ ടോളറൻസ് എന്ന കർശനമായ നയമാണ് ഇന്ത്യക്കുള്ളത്. സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് ഇന്ത്യ സാങ്കേതികവിദ്യയും ഇ-ഗവേണൻസും പ്രയോജനപ്പെടുത്തുന്നു’- പ്രധാനമന്ത്രി പറഞ്ഞു
അഴിമതിയുടെ ഏറ്റവും വലിയ ആഘാതം വഹിക്കുന്നത് പാവപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ ടാഗോറിന്റെ രചനകളെ പരാമർശിച്ച പ്രധാനമന്ത്രി അത്യാഗ്രഹത്തെ ഇല്ലാതാക്കണമെന്നും സത്യം തിരിച്ചറിയുന്നതിൽ നിന്ന് അത്യാഗ്രഹം നമ്മെ തടയുമെന്നും സൂചിപ്പിച്ചു. അത്യാഗ്രഹം ഉണ്ടാകാതിരിക്കട്ടെ എന്ന ആശയം ഉൾക്കൊള്ളുന്ന പുരാതന ഇന്ത്യൻ ഉപനിഷത്തുകളും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ക്ഷേമത്തിന് സംസ്ഥാനത്തിന്റെ വിഭവങ്ങൾ വർദ്ധിപ്പിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും ഈ ലക്ഷ്യം കൈവരിക്കുന്നതിന് അഴിമതിക്കെതിരെ
പോരാടേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അത് ജനങ്ങളോടുള്ള സർക്കാരിന്റെ പവിത്രമായ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments