കോഴിക്കോട്: ഭാരതം ജീവിക്കുന്നത് മാനവരാശിക്കുവേണ്ടിയാണെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ആർഎസ്എസ് ശതാബ്ദിക്കു മുന്നോടിയായി കേസരി വാരിക സംഘടിപ്പിച്ച ‘അമൃതശതം’ പ്രഭാഷണപരമ്പര കേസരി ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക മൂല്യങ്ങൾകൊണ്ടും തനതായ ജീവിതദർശനം കൊണ്ടും ലോകത്തിനു പ്രകാശഗോപുരമായി വെളിച്ചം പകരുകയാണ് ഭാരതത്തിന്റെ ദൗത്യം. ഇതിനായി ഭാരതീയരിൽ ഉയർന്ന ദേശീയഭാവം ശക്തമാവേണ്ടത് ആവശ്യമാണ്. ഇതാണ് സംഘസ്ഥാപനത്തിലൂടെ ഡോക്ടർജി യാഥാർത്ഥ്യമാക്കിയത്. സ്വാതന്ത്ര്യസമരകാലത്ത് ഉദയം ചെയ്യുകയും സ്വാതന്ത്ര്യാനന്തരം ദേശീയ സംഘടനാ ശക്തിയായി മാറുകയും ചെയ്ത ചരിത്രമാണ് ആർഎസ്എസിനുള്ളത്. സംഘസ്ഥാപകന്റെ ജീവിതം മനസ്സിലാക്കാതെ സംഘത്തിന്റെ ചരിത്രം മനസ്സിലാക്കാനാവില്ല.
രാഷ്‌ട്രത്തിനായുള്ള കടം പൂർത്തീകരിക്കാൻ അദ്ദേഹം ജീവന്റെ ഓരോ അണുവും ബലികഴിച്ചു. വിദ്യാഭ്യാസകാലഘട്ടം മുതൽ അദ്ദേഹം സ്വാതന്ത്ര്യപോരാട്ടങ്ങളിൽ പങ്കെടുക്കുകയും ജയിലിൽ അടയ്‌ക്കപ്പെടുകയും ചെയ്തു. ബാലഗംഗാധര തിലകന്റെ സ്വാതന്ത്ര്യസമര പരമ്പരയിൽ നിന്ന് പ്രേരണ ഉൾകൊണ്ട് അദ്ദേഹം വിവിധ വിപ്ലവ പ്രവർത്തനങ്ങളുമായും സഹകരിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യ സമരങ്ങളുടെ ചരിത്രം പഠിക്കുകയും ഭാരതത്തിൽ നടന്നുകൊണ്ടിരുന്ന വ്യത്യസ്ത സ്വാതന്ത്ര്യ സമര ധാരകളെയും വിലയിരുത്തിയതിന് ശേഷമാണ് അദ്ദേഹം ആർഎസ്എസ് സ്ഥാപിച്ചത്. സാംസ്‌കാരിക അടിത്തറയുള്ള സംഘടിത രാഷ്‌ട്രമായി മാറാതെ സ്വാതന്ത്ര്യപ്രാപ്തി സാധ്യമല്ലെന്നും സ്വാതന്ത്ര്യ സംരക്ഷണം സാധ്യമാകണമെങ്കിൽ രാഷ്‌ട്രഭാവനയുടെ ഒാളങ്ങൾ ഓരോ വ്യക്തിയും ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കരുതി. സംഘസ്ഥാപനത്തിലൂടെ രാഷ്‌ട്ര വൈഭവമാണ് ലക്ഷ്യം വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ഇൻകംടാക്സ് ചീഫ് കമ്മീഷണർ പി.എൻ. ദേവദാസ് യോഗത്തിന് അദ്ധ്യക്ഷനായി. ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അഡ്വ.പി.കെ. ശ്രീകുമാർ, കേസരി മുഖ്യപത്രാധിപർ ഡോ. എൻ.ആർ. മധു എന്നിവർ സംസാരിച്ചു. പി. പരമേശ്വരൻ രചിച്ച ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന ഗ്രന്ഥത്തിന്റെ ഒമ്പതാം പതിപ്പിന്റെ പ്രീപബ്ലിക്കേഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേസരി ഓണപ്പതിപ്പ്, ബാലഗോകുലം മലയാളം കലണ്ടർ എന്നിവയുടെ പ്രകാശനവും ചടങ്ങിൽ നടന്നു. അമൃതശതത്തിന്റെ അടുത്ത പ്രഭാഷണം ആഗസ്ത് 26 ന് ആർഎസ്എസ് അഖിലഭാരതീയ കാര്യകാര്യ സദസ്യനും ഇന്ത്യാ ഫൗണ്ടേഷൻ ചെയർമാനുമായ രാംമാധവ് നിർവ്വഹിക്കും. ജമ്മുകശ്മീർ ചരിത്രം, വർത്തമാനം എന്നതാണ് വിഷയം.
Comments