കണ്ണൂർ: ടൗൺ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുടെ ബുള്ളറ്റ് മോഷ്ടിച്ച പ്രതി അറസ്റ്റിൽ. പോലീസ് സഭാ ഹാൾ മുറ്റത്ത് നിന്നാണ് പ്രതി ബുള്ളറ്റ് കവർന്നത്. പാലക്കാട് സ്വദേശി രതീഷ് ആണ് സംഭവത്തിൽ അറസ്റ്റിലായത്. കണ്ണൂരിൽ പോലീസ് ക്ലബ്ബിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്കുമായി പ്രതി കടന്നു കളയുകയായിരുന്നു. ടൗൺ ഇൻസ്‌പെക്ടർ പിഎ ബിനുമോഹനനും സ്‌ക്വാഡുമാണ് പ്രതിയെ പിടികൂടിയത്.
ഗണേശോത്സവ ഡ്യൂട്ടികഴിഞ്ഞെത്തിയ സിവിൽ പോലീസ് ഓഫീസർ നാട്ടിലേക്ക് പോകുന്നതിനായി വാഹനം പാർക്ക് ചെയ്തിടത്ത് എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. മോട്ടോർവാഹന വകുപ്പിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നാണ് ബൈക്കുമായി കടന്നു കളയുന്ന രതീഷിന്റെ ചിത്രം ലഭിക്കുന്നത്. വ്യാജ താക്കോൽ ഉപയോഗിച്ച് ബുള്ളറ്റിന്റെ ലോക്ക് തകർത്ത ശേഷമാണ് ഓടിച്ചു കൊണ്ട് പോയത്. ഇരിക്കൂറിൽ ഒളിപ്പിച്ചുവെച്ച ബൈക്ക് കണ്ടെത്തി പോലീസ് ടൗൺ സ്‌റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ആറ് മാസത്തോളമായി ഇരിക്കൂറിലെ ബേക്കറി ജീവനക്കാരനാണ് രതീഷ്. ഇയാളുടെ പേരിൽ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളി പോലീസ് സ്‌റ്റേഷനുകളിലായി മോഷണ കേസുകൾ നിലവിലുണ്ട്. കണ്ണൂരിൽ നടന്ന വിവിധ വാഹനമോഷണ കേസുകളിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments