ന്യൂഡൽഹി: പ്രതിപക്ഷ ഐക്യസഖ്യമായ ഐഎൻഡിഐഎയുടെ കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ച് പാർട്ടികൾ. കൺവീനർ സ്ഥാനം തങ്ങൾക്ക് വേണ്ടെന്ന് സിപിഎമ്മും കോൺഗ്രസും സഖ്യത്തെ അറിയിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ സ്ഥാനം ഏറ്റെടുക്കണമെന്ന് ചില പ്രാദേശിക പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നിലപാട് അറിയിച്ചിരിക്കുന്നത്.
നാളെ മുംബൈയിൽ നടക്കാനിരിക്കുന്ന പ്രതിപക്ഷ ഐക്യത്തിന്റെ മൂന്നാം യോഗത്തിൽ ഇത് സംബന്ധിച്ച് നിർണായക തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. കൺവീനർ സ്ഥാനത്തേയ്‌ക്ക് ആരെയും തിരഞ്ഞെടുക്കേണ്ടതില്ലെന്നതാണ് ഇടത് പാർട്ടികളുടെ നിലപാട്. പകരം എല്ലാ പാർട്ടികളെയും ഉൾപ്പെടുത്തി സെക്രട്ടറിയേറ്റ് സ്ഥാപിക്കണം. ഡൽഹി കേന്ദ്രകരിച്ച് പ്രവർത്തിക്കുന്ന നേതാക്കൾക്ക് ഇതിൽ പ്രാതിനിധ്യം നൽകണമെന്നും സിപിഎം അടക്കമുള്ള കക്ഷികൾ വാദിക്കുന്നു.
നിതീഷ് കുമാറിന്റെ പേരാണ് കൺവീനർ സ്ഥാനത്തേയ്‌ക്ക് ഏറ്റവും കൂടുതൽ ഉയർന്ന് കേൾക്കുന്നത്. കോൺഗ്രസും തൃണമൂലും ഇതിനെ പിന്തുണക്കുന്നുവെന്നാണ് വിവരം. നിതീഷ് സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകുമോ അതോ മറ്റാരെയെങ്കിലും തിരഞ്ഞെടുക്കുമോ എന്നത് സംബന്ധിച്ച് നാളത്തെ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. എന്നാൽ നിതീഷിന് കൺവീനർ സ്ഥാനം നൽകുന്നതിനെതിരെ സഖ്യകക്ഷിയായ ആർജെഡിയിൽ നിന്നും എതിർപ്പ് ഉയർന്നിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.
നാളെ മുംബൈയിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ സമ്മേളനത്തിൽ ശ്രദ്ധാകേന്ദ്രമാകുക ശരദ് പവാറായാരിക്കും. പ്രതിപക്ഷത്തിന്റെ മുഖമായിരുന്ന നേതാവിന്റെ പാർട്ടി സഖ്യത്തിൽ തുടരുമോ ഇല്ലയോ എന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കുമെന്ന കോൺഗ്രസ് നേതാക്കളുടെ പ്രതികരണം വന്നതിന് പിന്നാലെ ഇതിനെ കുറിച്ചും യോഗത്തിൽ ചോദ്യങ്ങൾ ഉയർന്നേക്കും.
Comments