ശ്രീനഗർ : പാകിസ്താനു വേണ്ടി ഭീകരപ്രവർത്തനം നടത്തുന്ന ജമ്മു കശ്മീർ സ്വദേശികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം തുടങ്ങി . കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാകിസ്താനിൽ പോയി അഭയം പ്രാപിച്ച ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടി വരികയാണെന്നും നടപടികൾ തുടരുമെന്നും ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു.
“കശ്മീർ സ്വദേശികളും ഭീകരപ്രവർത്തനം നടത്തുന്നവരുമായ തീവ്രവാദികളുടെ ഒരു ലിസ്റ്റ് ഞങ്ങളുടെ പക്കലുണ്ട് . അവർ അഭയം തേടി പാകിസ്താനിലേക്ക് പലായനം ചെയ്തു. അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയാണ്, നടപടികൾ തുടരും, അവരോട് ഒരു ദയയും ഉണ്ടാകില്ല. തിരിച്ചുവരാൻ ശ്രമിച്ചാൽ കൊല്ലപ്പെടും. ജമ്മു കശ്മീരിൽ തീവ്രവാദം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ ഇവരാണ് ”ഡിജിപി രജൗരിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയന്ത്രണരേഖയ്‌ക്ക് അപ്പുറത്ത് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നതിനാൽ ഈ ഭീകരർക്കെതിരെ കർശന നിരീക്ഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
12 ഓളം ഭീകരർ രജൗരി പൂഞ്ച് പരിധിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “അവർ കുൽഗാം-ഷോപിയാനിൽ നിന്ന് രജൗരി-പൂഞ്ച് റേഞ്ചിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് സൂചനകളുണ്ട്. അവരിൽ മൂന്ന് പേർ കൊല്ലപ്പെട്ടു, മറ്റുള്ളവരെയും കണ്ടെത്താനുള്ള വേട്ട തുടരുകയാണ്, ”അദ്ദേഹം പറഞ്ഞു.
Comments