ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള ചുരുക്ക പട്ടിക പുറത്തിറക്കി. സൂപ്പർ താരം ലയണൽ മെസ്സി, കിലിയൻ എംബാപ്പെ, എർലിങ് ഹാലണ്ട് എന്നിവരടക്കം 12 താരങ്ങളാണ് പട്ടികയിൽ ഇടം നേടിയത്. എന്നാൽ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റാനോ റൊണാൾഡോ പട്ടികയിൽ ഇടം നേടിയിട്ടില്ല.
ഫിഫയുടെ നിലവിലെ മികച്ച പുരുഷതാരമായ ലയണൽ മെസ്സി ഇത്തവണയും പുരസ്‌കാര പോരാട്ടത്തിനുണ്ട്. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് മെസ്സിക്ക് വെല്ലുവിളിയുയർത്തി പട്ടികയിലുള്ളത്. ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനക്കെതിരെ ഹാട്രിക് നേടിയ എ എംബാപ്പെ ടൂർണമെന്റിലെ ടോപ് സ്‌കോററായിരുന്നു. നിലവിൽ പിഎസ്ജിയുടെ താരമാണ് എംബാപ്പെ.
മികച്ച താരത്തിനുളള പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യമാണ്. 2022-23 സീസണിൽ പ്രീമിയർ ലീഗ്, എഫ്എ കപ്പ്, ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിൽ മുത്തമിട്ട സിറ്റിക്ക് വേണ്ടി 52 ഗോളുകൾ നേടിയ യുവതാരം എർലിങ് ഹാലണ്ടാണ് പുരസ്‌കാര പട്ടികയിലെ സ്റ്റാർ. യുവേഫ പ്ലേയർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ താരം ബാലൺ ദി ഓർ പുരസ്‌കാര പട്ടികയിലും ഇടംപിടിച്ചിരുന്നു.
2023 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സിറ്റിയുടെ വിജയ ഗോൾ നേടിയ റോഡ്രി, ബാഴ്‌സലോണയിലേക്ക് പോകുന്നതിന് മുമ്പ് സിറ്റിയെ ട്രിബിൾ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ഇൽകായ് ഗുണ്ടോഗൻ പട്ടികയിലുണ്ട്. കെവിൻ ഡി ബ്രൂയ്നെ, ജൂലിയൻ അൽവാരസ്, ബെർണാഡോ സിൽവ എന്നിവർ സിറ്റി ടീമംഗമായ ഹാലണ്ടിനൊപ്പം ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടി.
Comments