പഴുത്ത് പാകമായി കടും ഓറഞ്ച് നിറത്തിലിരിക്കുന്ന പപ്പായ കണ്ടാൽ ആർക്കാണ് കഴിക്കാൻ തോന്നാത്തത്. കേരളത്തിലങ്ങോളം ഇങ്ങോളം വിവിധ പേരിലറിയപ്പെടുന്ന ഈ പഴത്തിന് ആരാധകരേറെയാണ്. കപ്പളങ്ങ, ധർമ്മസ്സ്ംകായ, കറമൂസ് കായ, പപ്പായ തുടങ്ങി വ്യത്യസ്ത പേരുകൾ ഏറ്റുവാങ്ങിയിട്ടുള്ള ഈ പഴത്തിന്റെ ഒരു ചിത്രം അതിന്റെ ആകൃതിയിലുള്ള സവിശേഷതകൊണ്ട് വൈറലായിരിക്കുകയാണ്.
നാവായിക്കുളം ഡീസന്റ്മുക്ക് ഐരമൺനില തീർഥത്തിൽ എസ്.ജോയിയുടെ വീട്ടിലാണ് വ്യത്യസ്തമായ ഈ പപ്പായ ഉണ്ടായത്. പഴുത്ത് പാകമായ പപ്പായ മുറിച്ചുനോക്കിയപ്പോൾ അതിനുള്ളിൽ മറ്റൊരു പപ്പായ കണ്ടതോടെ ഉടൻ തന്നെ അതിന്റെ ചിത്രം പകർത്തുകയായിരുന്നു വീട്ടുകാർ. പപ്പായക്ക് അകത്ത് അതേ ആകൃതിയിൽ വെളുത്ത നിറത്തിൽ മറ്റൊരു പപ്പായ ആയിരുന്നു കാഴ്ച.
അകത്തുള്ള രണ്ടാമനെ പിളർത്തി നോക്കിയപ്പോൾ നമ്മുടെ കറുത്ത വിത്തുകളെ കാണാൻ കഴിഞ്ഞില്ലെന്നതും വിസ്മയമായി. സംഗതി കണ്ട് അത്ഭുതപ്പെട്ട വീട്ടുകാർ പപ്പായ അതുപോലെ തന്നെ ഫ്രിഡ്ജിൽ സൂക്ഷിച്ചു. നേരത്തെയും ഇതേ പപ്പായതൈയ്യിൽ നിന്ന് പല പപ്പായകൾ കായ്ച്ചിട്ടുണ്ടെങ്കിലും ഇതുപോലൊരെണ്ണം ആദ്യമാണെന്നാണ് വീട്ടുകാർ പറയുന്നത്.
Comments