ന്യൂഡല്‍ഹി: കാമുകിയെ ശല്യപ്പെടുത്തുകയും കടം വാങ്ങിയ തുക തിരികെ നല്‍കിയില്ലെന്നും പറഞ്ഞ് മേലുദ്യോഗസ്ഥനെ കൊന്ന് കുഴിച്ചുമൂടി സര്‍ക്കാര്‍ ജീവനക്കാരന്. സര്‍വേ ഓഫ് ഇന്ത്യയിലെ സീനിയര്‍ സര്‍വേയറാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ആര്.കെ പുരത്താണ് നാടിനെ നടുക്കിയ കൊലപാതകം. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലാണ് മൃതദേഹം കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ഇട്ടത്.
സര്‍വേ ഓഫ് ഇന്ത്യ ഡിഫന്‍സ് ഓഫീസര്‍ കോംപ്ലക്സിലെ സീനിയര്‍ സര്‍വേയറായ മഹേഷാണ് കൊല്ലപ്പെട്ടത്. അതേ ഓഫീസിലെ ക്ലര്‍ക്കായ അനിഷ് ആണ് പ്രതി. മഹേഷിന്റെ സഹോദരന് നല്കിയ പരാതിയിലാണ് ക്രൂര കൊലപാതകം വെളിപ്പെട്ടത്. ക്വാര്‍ട്ടേഴ്സില്‍ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും അഞ്ചുലക്ഷം രൂപയും കൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും കണ്ടെടുത്തു.
മഹേഷ് അനിഷില്‍ നിന്ന് കടം വാങ്ങിയ 9 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നും തന്റെ കാമുകിയെ നിരന്തരം ശല്യം ചെയ്തെന്നും പോലീസിനോട് പറഞ്ഞ ഇയാള്‍ ആസൂത്രണം ചെയ്താണ് കൊലപാതകം നടപ്പിലാക്കിയതെന്നും സമ്മതിച്ചു. ആഗസ്റ്റ് 28ന് അനിഷ് അവധിയെടുത്ത് ഗൂഢാലോചന നടത്തി. ലാജ്പത് നഗര്‍, സൗത്ത് എക്സ്റ്റന്‍ഷന്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം കൊലപാതകത്തിനും അത് മറച്ചുവെക്കാനാവശ്യമായ സാധനങ്ങള്‍ വാങ്ങിയെന്നും പോലീസ് പറഞ്ഞു.
ആറടി പോളിത്തീന്‍ കവറും ഇയാള്‍ വാങ്ങി. സംഭവദിവസം അനിഷ് മഹേഷിനെ ക്വര്ട്ടേഴ്സിലെത്തിച്ചു. വീട്ടിലെത്തിയ മഹേഷിനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു വീഴ്ത്തി. തുടര്‍ന്ന് സോനിപട്ടിലെ വീട്ടിലേക്ക് രക്ഷപ്പെട്ടു. അടുത്ത ദിവസം തിരിച്ചെത്തിയ അനീഷ് 1.5 അടി താഴ്ചയില്‍ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു.
പിന്നീട് സിമന്റ് ഉപയോഗിച്ച് കുഴി മൂടുകയായിരുന്നു. മഹേഷ് വീട്ടില്‍ എത്താത്തിനെ തുടര്‍ന്ന് മഹേഷിന്റെ സഹോദരന് പരാതി നല്കി. സെപ്റ്റംബര്‍ 2 ന് മൃതദേഹം പോലീസ് കണ്ടെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Comments