ഫ്രിഡ്ജ് ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് പോലും നമുക്ക് ചിന്തിക്കാനാകില്ല. നിത്യ ജീവിതവുമായി അത്രത്തോളം അടുപ്പമാണ് ഫ്രിഡ്ജിനുള്ളത്. വെറുതെ കുത്തി നിറച്ച് ഫ്രിഡ്ജിൽ വെക്കുന്നതാണ് പതിവ്. എന്നാൽ അടുക്കും ചിട്ടയുമില്ലാതെ ഫ്രിഡ്ജിൽ സാധനങ്ങൾ സൂക്ഷിച്ചാൽ ഭക്ഷണ സാധനങ്ങളുടെ പുതുമ നഷ്ടമാകാനുള്ള സാധ്യതയേറെയാണെന്നാണ് പഠനങ്ങൾ പറയുന്നത്.
വെറുതെ ഭംഗിക്ക് വേണ്ടിയല്ല ഫ്രിഡ്ജിലെ അറകൾ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മുകളിലെ ഷെൽഫ്, മദ്ധ്യത്തിലെ ഷെൽഫ്, താഴെയുള്ള ഷെൽഫ്, ഡ്രോയർ, ഡോർ ഷെൽഫുകൾ എന്നിങ്ങനെയുള്ള അറകളാണ് ഫ്രിഡ്ജിനുള്ളത്. ഈ അറകളിൽ സാധനങ്ങൾ സൂക്ഷിക്കുന്നത് സത്യത്തിലൊരു കല തന്നെയാണ്. എങ്ങനെയാണ് കൃത്യമായി സാധനങ്ങൾ സൂക്ഷിക്കേണ്ടതെന്ന് നോക്കാം…
മുകളിലുള്ള ഫെൽഫിൽ പെട്ടെന്ന് എടുക്കാനാകുന്ന സാധനങ്ങളാണ് വെക്കേണ്ടത്. ഫ്രിഡ്ജിന്റെ ഡോർ തുറക്കുമ്പോൾ തന്നെ കാണുന്നത് ഇവിടമാണ്. കയ്യെത്തും ദൂരത്തായതിനാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കഴിക്കാൻ ഉദ്ദേശിക്കുന്ന ഭക്ഷണങ്ങളാകണം ഇവിടെ സംഭരിക്കാൻ. പായ്‌ക്ക് ചെയ്ത് ആഹാര സാധനങ്ങളും ഇവിടെ സൂക്ഷിക്കാവുന്നതാണ്. തലേ ദിവസത്തെ മിച്ചം വന്ന ആഹാര സാധനങ്ങൾ വെക്കാനും അനുയോജ്യമായ ഇടമാണ് ഇവിടം. ഇത്തരം സാധനങ്ങൾ വെക്കുന്നതിന് അനുയോജ്യമായ താപനിലയാണ് മുകൾ ഭാഗത്തെ അറയ്‌ക്കുള്ളിലുള്ളത്. അസംസ്‌കൃത ഭക്ഷണങ്ങൾ ഇവിടെ സ്ഥാപിക്കുന്നത് ഉചിതമല്ല.
മിഡിൽ ഷെൽഫ് പാൽ ഉത്പന്നങ്ങളും മറ്റും സൂക്ഷിക്കാനാണ് ഉപയോഗിക്കേണ്ടത്. കൂടുതൽ ദിവസം കേടുകൂടാതെ സൂക്ഷിക്കേണ്ട സാധനങ്ങൾ കണ്ണും പൂട്ടി മിഡിൽ ഷെൽഫിൽ വെക്കാവുന്നതാണ്. ഫ്രഷ് ആയിട്ടുള്ള ഫീൽ തരാൻ മിഡിൽ ഷെൽഫിന് കഴിയും. തൈര്, വെണ്ണ, ചീസ് തുടങ്ങിയവയൊക്കെ ഇവിടെ സൂക്ഷിക്കാം. ഇതിന് പുറമേ മധുര പലഹാരങ്ങളും ഇവിടെ ധൈര്യമായി സൂക്ഷിക്കാം. വായു കടക്കാത്ത വിധം വേണം ഈ അറയിൽ സാധനങ്ങൾ നിറയ്‌ക്കാൻ എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
താഴെയുള്ള ഷെൽഫിൽ താപനില കുറവാണ്. മത്സ്യം, മാംസം എന്നിവ സൂക്ഷിക്കാൻ അനുയോജ്യമായ ഇടമാണ് ഇവിടം. ഫ്രഷ് ആയി ഇരിക്കാൻ ഇവയ്‌ക്ക് തണുത്ത താപനില ആവശ്യമുള്ളതിനാലും ബാക്ടീരയുടെയും മറ്റ് അണുക്കളുടെയും സാന്നിധ്യം ഒഴിവാക്കാനും മികച്ച സ്ഥമാണ് ഇവിടം. ഇനി മുതൽ മത്സ്യമാംസാദികൾ മുകളിലത്തെ ഷെൽഫിൽ വെക്കാതെ താഴെത്തെ അറയിൽ മാത്രം വെക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
ആധുനിക കാലത്തെ ഫ്രിഡ്ജുകളിലെ താരമാണ് ഡ്രോയറുകൾ. അസംസ്‌കൃത വസ്തുക്കൾ മാത്രമാകണം ഇത്തരം ഡ്രോയറുകളിൽ സ്ഥാപിക്കാൻ. പഴങ്ങളും പച്ചക്കറികളും മറ്റും ഇവിടെ സൂക്ഷിക്കാം. പുതുമ നിലനിർത്തുന്നതിനായി പേപ്പർ ബാഗുകളിലോ തുണി സഞ്ചിയിലോ സൂക്ഷിക്കണം. പച്ചക്കറിയും പഴങ്ങളും മറ്റ് അസംസ്‌കൃത വസ്തുക്കളും ഒന്നിച്ച് സൂക്ഷിക്കുന്നത് ബാക്ടീരയകളുടെ വളർച്ചയ്‌ക്ക് കാരണമാകും. ഇത് ഒഴിവാക്കുന്നതിനാണ് പ്രത്യേകം കവറുകളിൽ സൂക്ഷിക്കണമെന്ന് പറയുന്നത്.
ഒരുദിവസം എത്ര തവണ ഫ്രിഡ്ജ് തുറക്കുമെന്ന് നമുക്ക് ഒരു ധാരണയുമില്ല. അതുകൊണ്ട് തന്നെ ഡോർ ഷെൽഫുകളിൽ വെക്കുന്ന സാധാനങ്ങൾക്ക് അധികം തണുപ്പ് ലഭിക്കില്ല. അതുകൊണ്ട് തന്നെ പെട്ടെന്ന് ചീത്തയാകുന്ന ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്നത് ഉചിമതല്ല. എന്നാൽ താപനില മാറുന്നത് ബാധിക്കാത്ത ആഹാര സാധനങ്ങൾ ഡോർ ഷെൽഫിൽ സൂക്ഷിക്കാവുന്നതാണ്. ജ്യൂസ് പായ്‌ക്കുകൾ, ജാം കുപ്പികൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ ഇവിടെ സൂക്ഷിക്കാവുന്നതാണ്.