വയനാട്: കടുവ ഭീതി ഒഴിയാതെ വയനാട് ജില്ലയിലെ പനവല്ലി. കടുവയെ പിടികൂടിയെങ്കിലും പ്രദേശത്ത് ഇനിയും മൂന്നു കടുവകൾ ഉണ്ടെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. കടുവ പ്രശ്നത്തിന് വനംവകുപ്പ് അധികൃതർ ശാശ്വതമായ പരിഹാരം കാണണമെന്നും ഇവർ ആവശ്യപ്പെടുന്നു.
മാസങ്ങളായി പനവല്ലിയിലും സമീപപ്രദേശങ്ങളിലും ഭീതി പടർത്തിയ കടുവ രണ്ടു ദിവസം മുൻപാണ്
വനം വകുപ്പ് അധികൃതർ പിടികൂടിയത്. വളർത്തുമൃഗങ്ങളെ കൊന്നും ജനങ്ങൾക്ക് മുന്നിൽ ചാടി വീഴുകയും ചെയ്യുന്ന കടുവയെ പിടികൂടിയ ആശ്വാസത്തിലാണ് വനം വകുപ്പ് അധികൃതർ.
എന്നാൽ ആശങ്ക വിട്ടൊഴിയാത്ത അവസ്ഥയിലാണ് പനവല്ലി നിവാസികൾ. ഈ പ്രദേശത്ത് കൂടുതൽ കടുവകൾ ഉണ്ടെന്നും പനവല്ലിയിലും സമീപപ്രദേശങ്ങളിലും കൂടുതൽ കൂടുകൾ സ്ഥാപിക്കണം എന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.