തൃശൂർ: കരുവന്നൂർ സമരം മനുഷ്യത്വ വിഷയമാണെന്നും അതിൽ രാഷ്‌ട്രീയമില്ലെന്നും സുരേഷ് ഗോപി. തൃശൂരിൽ തനിക്ക് മത്സരിക്കാൻ വേണ്ടിയാണ് ഇഡി റെയ്ഡുകൾ നടത്തുന്നതെന്ന സിപിഎം ആരോപണങ്ങളിൽ വാസ്തവമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഒരു വർഷത്തിന് മുൻപ് തന്നെ താൻ കരുവന്നൂർ സന്ദർശിച്ചിരുന്നുവെന്നും അതൊക്കെ മാദ്ധ്യമങ്ങൾ ഇപ്പോൾ മറന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇഡി വന്നതിന് ശേഷമല്ല കരുവന്നൂർ വിഷയം ഏറ്റെടുത്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തന്നെ ഇരയായ സഹകാരികളുടെ വീട്ടിൽ താൻ എത്തിയിരുന്നു. കഴിഞ്ഞ മാസം മാവേലിക്കരയിൽ സഹകരണ തട്ടിപ്പിനെതിരെ നിരാഹാരമിരുന്നു. കൊട്ടിയൂരിലും കൊട്ടിയത്തും സമാനരീതിയിൽ പദയാത്ര നടത്തി. കണ്ണൂരിലെ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ തന്നെ ബന്ധപ്പെട്ടിരുന്നു. രാഷ്‌ട്രീയ ലക്ഷ്യത്തിനായാണ് താൻ ഈ വിഷയം ഏറ്റെടുത്തിരിക്കുന്നു എന്നുള്ളത് മാദ്ധ്യമപ്രചരണമാണെന്നു സുരേഷ് ഗോപി പറഞ്ഞു.
അന്തി ചർച്ചകളിൽ സത്യം പറയാൻ മാദ്ധ്യമങ്ങൾ ശ്രമിക്കണം. സഹകരണ മേഖലയിലെ ജനങ്ങളെ സംരക്ഷിക്കാനാണ് കേന്ദ്രത്തിൽ സർക്കാർ വകുപ്പ് രൂപീകരിച്ചിരിക്കുന്നത്. കേന്ദ്രം തീർച്ചയായും സഹകാരികളുടെ വിഷയത്തിൽ ഇടപെടും. പിണറായി വിജയൻ അരുൺ ജെയ്റ്റിലിയെ കണ്ടപ്പോൾ സഹകരണ മന്ത്രാലയം രൂപീകരിക്കുമെന്ന് അറിയിച്ചിരുന്നു. കേന്ദ്ര സർക്കാർ വിഷയത്തിൽ ശക്തമായി ഇടപെടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.