ദിബ്രുഗഢ് ; സ്വയം പ്രഖ്യാപിത സിഖ് മത പ്രഭാഷകനും ഖലിസ്ഥാൻ നേതാവുമായ അമൃതപാൽ സിംഗ് അസമിലെ ദിബ്രുഗഢ് ജയിലിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഈ പ്രതിഷേധത്തിൽ ഒമ്പത് സഹ തടവുകാരും ഉൾപ്പെടുന്നു .
തങ്ങളുടെ അഭിഭാഷകനായ രാജ്ദേവ് സിംഗിന് ജയിൽ വളപ്പിനുള്ളിൽ പ്രവേശനം നിഷേധിച്ചതാണ് നിരാഹാര സമരത്തിന് കാരണമായി പറയുന്നത്. രാജ്ദേവിന്റെ ജയിൽ സന്ദർശനം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് അമൃത്സർ ഡെപ്യൂട്ടി കമ്മീഷണറുടെ (ഡിസി) നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ച് സെപ്റ്റംബർ 28-ന് ഇവർ ദിബ്രുഗഡ് ജയിൽ സൂപ്രണ്ടിന് കത്ത് എഴുതിയിരുന്നു.
എന്നാൽ രാജ്ദേവ് ഖൽസയ്ക്ക് പകരം അഭിഭാഷകനായ നവകിരൺ സിങ്ങുമായി അമൃതപാൽ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഇപ്പോൾ വീണ്ടും രാജ്ദേവിനെ കാണാൻ ആവശ്യപ്പെടുകയാണെന്നും പോലീസ് വ്യക്തമാക്കി . അതേസമയം ജയിലിന് പുറത്ത് അമൃത്പാൽ സിങ്ങിന്റെ ഭാര്യ കിരൺദീപ് കൗറും തന്റെ ഭർത്താവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തി.