കോട്ടയം: കോട്ടയത്ത് അമോണിയ അടങ്ങിയ റബ്ബർ മിശ്രിതം കലർന്നതിനെ തുടർന്ന് നിർത്തി വച്ചിരുന്ന മീനച്ചിലാറ്റിലെ കുടിവെള്ള പദ്ധതികളുടെ പമ്പിങ് ഉടൻ ആരംഭിക്കും. അപകടാവസ്ഥയില്ലെന്ന് ഏറ്റുമാനൂർ ഫുഡ് സേഫ്റ്റി അധികൃതരുടെ പരിശോധനയിൽ കണ്ടെത്തിയതോടെ പമ്പിങ് തുടങ്ങാൻ നിർദ്ദേശം നൽകി.
വിവിധ ഇടങ്ങളിൽ നിന്നായി ശേഖരിച്ച 44 സാമ്പിളുകളാണ് പരിശോധിച്ചത്. കോട്ടയം എലിക്കുളം മഞ്ചക്കുഴി റോഡിൽ ലോറി മറിഞ്ഞ് സമീപത്തെ തോട്ടിലേക്കാണ് അമോണിയ ഒഴുകിയത്. തുടർന്ന് മറ്റ് ജലസ്രോതസ്സുകളിലേക്ക് അമോണിയ കലരുകയായിരുന്നു. ഇതോടെ 4 പഞ്ചായത്തുകളിലായി 15 കുടിവെള്ള പദ്ധതികളുടെ പമ്പിങ് നിർത്തിവച്ചിരുന്നു. എലിക്കുളം മഞ്ചക്കുഴി ഭാഗത്ത് കിണർ വെള്ളം ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിരുന്നു.