മുംബൈ: അന്തരീക്ഷ താപനില ഉയർന്നതോടെ മുംബൈയിലെ വായു ഗുണനിലവാരം 127 ആയി രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ച 115 രേഖപ്പെടുത്തിയിരുന്ന വായു നിലവാരം പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കൂടുകയായിരുന്നു. ഈ മാസമാദ്യം വളരെ മികച്ച കാറ്റഗറിയിൽ ആയിരുന്നു മുംബൈയിലെ വായു നിലവാരം. നഗരത്തിലെ പ്രതിദിന പരമാവധി താപനില 32 മുതൽ 34 ഡിഗ്രി വരെ ഉയർന്നതിനാൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതിന്റെ ഫലമായിട്ടാണ് വായു നിലവാരം മിതമായ വിഭാഗത്തിലേക്ക് മാറിയത്.
എന്നാൽ ഡൽഹിയെ അപേക്ഷിച്ച് മുംബൈയിലെ വായു ഗുണനിലവാരം നല്ലതാണ്. ‘വളരെ മോശമായ’ കാറ്റഗറിയിലാണ് നിലവിൽ ഡൽഹിയിലെ വായു നിലവാരം. ശൈത്യ കാലത്തിന്റെ ആരംഭവും വാഹനങ്ങളുടെ ഉപയോഗം ക്രമാതീതമായി വർദ്ധിച്ചതും ഡൽഹിയിൽ വായു ഗുണനിലവാരത്തിൽ മാറ്റം വരാൻ കാരണമായി.