കോട്ടയം: സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ല. അയ്മനം കരീമഠത്തിൽ ആണ് സംഭവം. വള്ളത്തിൽ സഞ്ചരിക്കുകയായിരുന്ന അനശ്വര എന്ന പെൺകുട്ടിയെയാണ് കാണാതായത്.
വാഴപ്പറമ്പിൽ രതീഷിന്റെയും രേഷ്മയുടെയും മകളാണ് അനശ്വര. അമ്മയ്ക്കും ഇളയ സഹോദരിക്കുമൊപ്പം സ്കൂളിലേക്ക് പോകവെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ അനശ്വര വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽ ഇളയ കുട്ടിയും അമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു.
കരിമഠം പെണ്ണാർത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപമാണ് അപകടം നടന്നത്. മണിയാപറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന സർവീസ് ബോട്ടാണ് ഇവർ സഞ്ചരിച്ചിരുന്ന സർവീസ് ബോട്ടിൽ ഇടിച്ചത്. ഫയർഫോഴ്സിന്റെയും പോലീസിന്റെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്.