മുംബൈ: ലോകകപ്പിലേക്കുള്ള മടങ്ങി വരവ് വിക്കറ്റെടുത്ത് ആഘോഷിക്കുന്ന ഒരേ ഒരു ബൗളര്‍ ഷമിയാകും. മൂന്നു മത്സരങ്ങളില്‍ എതിരാളികളെ എറിഞ്ഞു വീഴ്‌ത്തി നേടിയത് 14 വിക്കറ്റുകള്‍. ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ നേടിയ അഞ്ചു വിക്കറ്റടക്കമാണിത്. വാങ്കഡെയില്‍ ഇന്ത്യ ചരിത്ര വിജയം കുറിച്ചപ്പോള്‍ ഷമിയുടെ കരങ്ങളാണ് അതിന് കരുത്ത് പകര്‍ന്നത്.
ഏകദിന ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്‌ത്തുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഷമി ഈ മത്സരത്തിലൂടെ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു. ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍ എന്നിവരുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ഷമി കൊടുങ്കാറ്റില്‍ പഴങ്കഥയായത്. 45 വിക്കറ്റുകളാണ് ഈ വലം കൈയ്യന്‍ പേസര്‍ ലോകകപ്പില്‍ ഇതുവരെ സ്വന്തമാക്കിയത്. നോക്കൗട്ട് റൗണ്ടിലും ഷമിയില്‍ നിന്ന് ഇന്ത്യ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. 14 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ ചരിത്ര നേട്ടം.
സഹീര്‍ 44 വിക്കറ്റെടുക്കാന്‍ 23 ലോകകപ്പ് മത്സരങ്ങളും ശ്രീനാഥ് 34 മത്സരങ്ങളും കളിച്ചും. ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഷമി എട്ടാം സ്ഥാനത്തെത്തി. 39 മത്സരങ്ങളില്‍ നിന്ന് 71 വിക്കറ്റെടുത്ത ഗ്ലെന്‍ മഗ്രാത്താണ് പട്ടികയില്‍ ഒന്നാമന്‍.