ന്യൂഡൽഹി: ഹിന്ദു ദേവതകളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് ഓൺലൈനിൽ വിൽപ്പന നടത്തിയ ആളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ഇന്റർനെറ്റിൽ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കമ്പ്യൂട്ടറിൽ നിന്ന് അശ്ലീലമായി ചിത്രീകരിച്ചിരിക്കുന്ന ദേവതകളുടെ ചിത്രങ്ങൾ പോലീസ് കണ്ടെടുത്തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 295, ഇൻഫർമേഷൻ ടെക്നോളജി ആക്ട് 67( എ) എന്നിവ പ്രകാരം ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഏതാനും പേരെ ഇനിയും പിടികൂടാനുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ഡൽഹി വനിതാ കമ്മിഷനും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. കേസ് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ വനിത കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. അറസ്റ്റിലായ പ്രതികളുടെ വിശദാംശങ്ങളോടൊപ്പം എഫ്ഐആറിന്റെ പകർപ്പും സമർപ്പിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി. പ്രസ്തുത ഉള്ളടക്കം ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യാനും പ്രചരിക്കുന്നത് തടയാനും ഡൽഹി പോലീസ് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു ദേവതകളെ അശ്ലീലമായി ചിത്രീകരിച്ച സംഭവം അനാദരാവാണെന്നും അത് മതവികാരം വ്രണപ്പെടുത്തുമെന്നും സ്വാതി മലിവാൾ പറഞ്ഞു.