ന്യൂഡൽഹി: യോഗയ്‌ക്ക് സമാനമായി മില്ലറ്റുകളെയും ലോകം ജീവിതത്തിന്റെ ഭാഗമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മില്ലറ്റിന് ആഗോള തലത്തിൽ വലിയ വിപണി മൂല്യം ഉണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ഡൽഹിയിൽ നടക്കുന്ന ‘വേൾഡ് ഫുഡ് ഇന്ത്യ-2023’ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതം മില്ലറ്റിന്റ വൈവിധ്യത്തിന്റ കാര്യത്തിൽ മാത്രമല്ല മില്ലറ്റ് ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷണങ്ങളുടെ കാര്യത്തിലും മുൻപന്തിയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മില്ലറ്റിന് ആഗോള തലത്തിൽ വലിയ വിപണി മൂല്യമുണ്ട്. ഭാരതം അതിവേഗം നഗരവത്കരിക്കപ്പെടുകയാണ്, അതിനുസരിച്ച് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇത് പാക്കേജ് ഭക്ഷണങ്ങളുടെ സാധ്യത വർദ്ധിപ്പിക്കും. മില്ലറ്റ് ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നത് വലിയ കച്ചവട സാധ്യതകൾക്ക് വഴിതുറക്കും. കഴിഞ്ഞ 9 വർഷങ്ങളിലായി ഇന്ത്യയുടെ പാക്കേജ് ഫുഡ് കയറ്റുമതി 150 ശതമാനം വർദ്ധിച്ചു. കയറ്റുമതിയുടെ കാര്യത്തിൽ ഇന്ത്യ ഇന്ന് 7-ാം സ്ഥാനത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2023നെ ഐക്യരാഷ്‌ട്ര സഭ മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചതിന് പിന്തുണയേകിക്കൊണ്ട് ഇന്ത്യ നടത്തുന്ന ഭക്ഷ്യമേളയാണ് ‘വേൾഡ് ഫുഡ് ഇന്ത്യ-2023’. 200 ഷെഫുമാരാണ് മേളയിൽ പങ്കെടുക്കുന്നത്. 80 രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളുടെ പ്രതിനിധികളും മേളയിൽ പങ്കെടുക്കുന്നുണ്ട്. 2023 നെ ആഗോള മില്ലറ്റ് വർഷമായി ഐക്യരാഷ്‌ട്ര സഭ പ്രഖ്യാപിക്കുന്നതിൽ ഇന്ത്യ എറെ നിർണായകമായ പങ്ക് വഹിച്ചിരുന്നു. മില്ലറ്റ് വർഷമായി പ്രഖ്യാപിക്കുവാനുള്ള ഇന്ത്യയുടെ ഉദ്യമത്തെ 72 രാജ്യങ്ങൾ പിന്തുണച്ചിരുന്നു.
ശ്രീ അന്നം എന്നാണ് മില്ലറ്റുകളെ പൊതുവിൽ അറിയപ്പെടുന്നത്. എല്ലാ കാലാവസ്ഥകളിലും ഒരു പോലെ വിളയുന്ന ധാന്യങ്ങളെയാണ് മില്ലറ്റുകൾ എന്ന് പറയപ്പെടുന്നത്.















