ന്യൂഡൽഹി: അനധികൃത കുടിയേറ്റം പൂർണ്ണമായും തുടച്ചു നീക്കാൻ നരേന്ദ്രമോദി സർക്കാർ പ്രതിജ്ഞാബദ്ധമാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അനധികൃത കുടിയേറ്റങ്ങളോടുള്ള സഹിഷ്ണുതയില്ലാത്ത സമീപനം തുടരും. പ്രധാനമന്ത്രി മുന്നോട്ട് വെക്കുന്നത് സുരക്ഷിത ഭാരതം എന്ന കാഴ്ചപ്പാടാണ്. ദേശീയ അന്വേഷണ ഏജൻസി അഞ്ച് അന്താരാഷ്‌ട്ര മനുഷ്യക്കടത്ത് ശൃംഖലയാണ് തകർത്തത്. പത്ത് സംസ്ഥാനങ്ങളിലായി ഒരേസമയം നടത്തിയ ഓപ്പറേഷനിൽ 44 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
“ടീം എൻഐഎയ്‌ക്ക് അഭിനന്ദനങ്ങൾ. മോദി സർക്കാർ അനധികൃത കുടിയേറ്റത്തോടുള്ള സഹിഷ്ണുതയില്ലാത്ത സമീപനം തുടരും, ഈ വിപത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ്.”-അമിത് ഷാ എക്‌സിൽ കുറിച്ചു.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ മനുഷ്യക്കടത്തിന് സഹായം നൽകുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ശൃംഖല തകർക്കാൻ എട്ട് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 55 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ബിഎസ്എഫിന്റെയും സംസ്ഥാന പോലീസിന്റെയും സഹായത്തൊടെയാണ് റെയ്ഡുകൾ നടത്തിയതെന്ന് എൻഐഎ വക്താവ് പറഞ്ഞു.
കേന്ദ്രസർക്കാർ നടപടികൾ കൂടുതൽ കടുപ്പിച്ചതൊടെ ത്രിപുര, അസം, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്‌നാട്, തെലങ്കാന, ഹരിയാന, രാജസ്ഥാൻ, ജമ്മു കശ്മീർ, പുതുച്ചേരി എന്നിവിടങ്ങളിലെ മനുഷ്യക്കടത്ത് സംഘങ്ങൾ വൻ തിരിച്ചടിയാണ് നേരിട്ടത്. മനുഷ്യക്കടത്ത് ശൃംഖലയുടെ കണ്ണികളെ പിടികൂടാൻ എൻഐഎ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 44 പേരാണ് പിടിയിലായത്. ത്രിപുരയിൽ 21, കർണാടകയിൽ 10, അസമിൽ അഞ്ച്, പശ്ചിമ ബംഗാളിൽ മൂന്ന്, തമിഴ്‌നാട്ടിൽ രണ്ട്, പുതുച്ചേരി,തെലങ്കാന, ഹരിയാന എന്നിവിടങ്ങളിൽ ഒരോരുത്തരുമാണ് അറസ്റ്റിലായത്. റെയ്ഡിൽ ഡിജിറ്റൽ ഉപകരണങ്ങൾ, ആധാർ കാർഡുകൾ, പാൻ കാർഡുകൾ തുടങ്ങിയ രേഖകളും 20 ലക്ഷത്തിലധികം രൂപയും കണ്ടെടുത്തു.