ഇനി മുതൽ പരസ്യങ്ങളില്ലാതെ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും. പരസ്യങ്ങളുടെ ശല്യമില്ലാതെ ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന് വേണ്ടി പുതിയ പേയ്ഡ് വേർഷനിൽ സാധ്യമാകും. ഇതിന് സൈൻ അപ്പ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുള്ള നോട്ടീഫിക്കേഷൻ ഇതിനോടകം തന്നെ മെറ്റ പ്രദർശിപ്പിച്ചു തുടങ്ങി. യൂറോപ്യൻ യൂണിയന്റെ കർശന നിയന്ത്രണങ്ങളെ തുടർന്നാണ് പുതിയ പരസ്യ രഹിത സേവനം മെറ്റ ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ പരസ്യങ്ങൾ വേണ്ടെന്ന് വെക്കുന്നതിനും ഇതിലൂടെ ഉപഭോക്തൃ വിവരങ്ങൾ ടാർഗറ്റഡ് പരസ്യങ്ങൾ ഉപയോഗിക്കുന്നത് തടയാനും സഹായകമാകും.
ഫേസ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ അക്കൗണ്ട് പരസ്യ രഹിതമാക്കുന്നതിന് പ്രതിമാസം 12 യൂറോ അതായത് 1071 രൂപയാണ് നൽകേണ്ടത്. ഗൂഗിളിന്റെയും ആപ്പിളിന്റെയും ആപ്പ് സ്റ്റോറുകൾ മുഖേന ഇടപാടുകൾ നടത്താവുന്നതാണ്. വെബ്ബിൽ ഒമ്പത് യൂറോ അതായത് 803 രൂപയാണ് നിരക്ക്. നിലവിൽ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകൾക്ക് സബ്സ്ക്രിപ്ഷൻ ബാധകമായിരിക്കും. എന്നാൽ മാർച്ച് മുതൽ ഒന്നിലധികം അക്കൗണ്ടുകൾക്ക് അധിക തുക അടയ്ക്കേണ്ടതായി വന്നേക്കും.
മൊബൈൽ ആപ്പ് സ്റ്റോർ വഴി എട്ട് യൂറോ അധികമായി നൽകുകയാണെങ്കിൽ മറ്റൊരു അക്കൗണ്ട് കൂടി പരസ്യരഹിതമായി ഉപയോഗിക്കാൻ സാധിക്കും. വെബ്ബിൽ ആറ് യൂറോ ആണ് ഇതിന് വേണ്ടി നൽകേണ്ടത്. 18 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് പരസ്യ രഹിത സേവനം വാഗ്ദാനം ചെയ്തിരിക്കുന്നത്. താത്പര്യമുള്ളവർക്ക് ഫേസ്ബുക്കിന്റെ പെയ്ഡ് വേർഷൻ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്. അല്ലാത്തവർക്ക് സൗജന്യ സേവനം തുടരാവുന്നതാണ്.