ആലപ്പുഴ: അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് നാല് വയസുകാരിക്ക് ദാരുണാന്ത്യം. ഈരാറ്റുപേട്ട സ്വദേശി ഫാസിൽ-റസാന ദമ്പതികളുടെമകൾ ഫൈഹ ഫാസിൽ ആണ് മരിച്ചത്. അപകടമുണ്ടാക്കിയ ബൈക്ക് നിർത്താതെ പോവുകയായിരുന്നു. കൃത്യസമയം ചികിത്സ ലഭിക്കാതെ വൈകിയത് കുഞ്ഞിന്റെ ജീവൻ ലഭിക്കാൻ കാരണമായെന്ന് കുടുംബം ആരോപിക്കുന്നു.
ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഈരാറ്റുപേട്ടയിൽ നിന്നും ബന്ധുവിന്റെ കല്യാണത്തിന് ആലപ്പുഴയിൽ എത്തിയതായിരുന്നു കുടുംബം. വൈകിട്ടോട് കൂടി ആലപ്പുഴ കോൺവെന്റ് സ്ക്വയറിന് സമീപം അപകടമുണ്ടാകുകയായിരുന്നു. റോഡരികിലൂടെ നടക്കുകയായിരുന്ന കുഞ്ഞിനെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു.
ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിലേക്കും വണ്ടാനം മെഡിക്കൽ കോളേജിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ പോലും നൽകാതെ ഒരു മണിക്കൂറോളം വൈകിപ്പിച്ചു എന്നാണ് കുടുംബത്തിന്റെ പരാതി. ആറരയോടെ കുട്ടി മരണപ്പെട്ടു.