തിരുവനന്തപുരം: കള്ളിക്കാട് വാഹനാപകടത്തിൽ സ്കൂൾ അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം. പുഴനാട് ലയോള സ്കൂൾ അദ്ധ്യാപിക അഭിരാമി(33) ആണ് മരിച്ചത്. മകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയായിരുന്നു അപകടം. മകൾ അർപ്പിതയ്ക്കും ഗുരുതരമായി പരിക്കേറ്റു.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം നടന്നത്. മകൾക്കൊപ്പം സ്കൂളിലേക്ക് വരുന്നതിനിടെ അമിത വേഗത്തിൽ വന്ന കാർ അദ്ധ്യാപികയുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. കാർ ദിശ തെറ്റിയാണ് വന്നതെന്ന് നാട്ടുകാർ പറഞ്ഞു. അദ്ധ്യാപികയെയും മകളെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിരാമിയുടെ ജീവൻ രക്ഷിക്കാനായില്ല. മകൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ കാർ ഡ്രൈവർക്കെതിരെ നെയ്യാർ ഡാം പോലീസ് കേസെടുത്തതായി പറഞ്ഞു.