ഗൂഗിളിന്റെ എഐ വിദഗ്ധരെ പാട്ടിലാക്കുന്നതിന് വൻ തുക വാഗ്ദാനം ചെയ്ത് ചാറ്റ് ജിപിടി നിർമ്മാതാക്കളായ ഓപ്പൺ എഐ. ഒരു കോടി ഡോളർ വരെയുള്ള പാക്കേജ് ആണ് ഓപ്പൺ എഐ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗൂഗിളിന്റെ എഐ വിഭാഗത്തിലെ മുൻനിര ജീവനക്കാരെയാണ് ഓപ്പൺ എഐ ലക്ഷ്യം വെക്കുന്നത്. വൻ തുക ശമ്പളവും, ലാഭകരമായ നഷ്ടപരിഹാര പാക്കേജുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എഐ പരീക്ഷണങ്ങൾക്ക് വേണ്ടി എഐ ആക്സിലേറ്റർ ചിപ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഗൂഗിളിൽ നിന്നും മെറ്റയിൽ നിന്നും ഓപ്പൺ എഐ ഇതിന് മുമ്പും വിദഗ്ധരെ നിയമിച്ചിട്ടുണ്ട്. ഫെബ്രുവരിയിലെ കണക്ക് പ്രകാരം ഗൂഗിളിലും മെറ്റയിലും ജോലി ചെയ്തിരുന്ന 93 ആളുകളെ ജോലിയ്ക്ക് എടുത്തിരുന്നു. ഇതിൽ 59 എണ്ണം ഗൂഗളിൽ നിന്നും 34 എണ്ണം മെറ്റയിൽ നിന്നും ഉള്ളവരാണ്. സൂപ്പർ അലൈൻമെന്റ് ടീമിലേക്ക് ആവശ്യമുള്ള റിസർച്ച് എഞ്ചിനീയർക്ക് വേണ്ടിയുള്ള പരസ്യമാണ് എഐ പങ്കുവെച്ചിരിക്കുന്നത്.
ഉദ്യോഗാർത്ഥികൾക്ക് 2.45 ലക്ഷം ഡോളർ മുതൽ 4.50 ലക്ഷം ഡോളർ വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതിനോടൊപ്പം തന്നെ ആകർഷകമായ ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.