തിരുവനന്തപുരം: ഭക്ഷണത്തിൽ മുടി കണ്ടത് സൂപ്രണ്ടിനോട് പറഞ്ഞ പ്രതിയുടെ ദേഹത്ത് ജയിൽ ഉദ്യോഗസ്ഥർ തിളച്ച വെള്ളമൊഴിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് ഇക്കാര്യത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്‌സൺ കെ ബൈജുനാഥ് ഉത്തരവിട്ടത്. കഴിഞ്ഞ നാല് മാസമായി ജയിലിൽ കഴിയുന്ന യുവാവിനാണ് പോലീസിന്റെ അതിക്രമം നേരിടേണ്ടി വന്നത്.
മുതലപ്പൊഴി വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ കണിയാപുരം സ്വദേശി ലിയോൺ ജോൺ പോസ്റ്റിട്ടിരുന്നു. ഇതേതുടർന്ന് ലിയോൺ ജോൺ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വൈരാഗ്യമെന്നോണം ഇടതുപക്ഷ അനുകൂലികളായ പോലീസ് ഉദ്യോഗസ്ഥർ ലിയോണിന്റെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നായിരുന്നു പരാതി. ഗുരുതരമായി പൊള്ളലേറ്റ ലിയോണിന് ചികിത്സ ലഭ്യമാക്കാൻ ജയിൽ അധികൃതർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. യുവാവിന്റെ സുഹൃത്തുക്കളാണ് സംഭവത്തെ തുടർന്ന് മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയത്.