മുംബൈ: സ്യൂട്ട്കേസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുര്‍ള സിഎസ്ടി റോഡിലെ ശാന്തിനഗറിലാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്യൂട്ട് കേസ് കണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 25-നും 35-നും ഇടയില്‍ പ്രായം തോന്നുമെന്ന് പോലീസ് അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് ശാന്തിനഗറില്‍ മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലത്ത് നിന്നും ഉപേക്ഷിച്ച നിലയിൽ ഒരു സ്യൂട്ട്കേസ് കണ്ടത്. വിവരം അറിഞ്ഞ് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് സ്യൂട്ട് കേസിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. സ്യൂട്ട് കേസിനുള്ളില്‍ കണ്ടെത്തിയ സ്ത്രീ ആരാണെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഘാട്കോപ്പറിലെ രാജവാഡി ആശുപത്രിയിലേക്ക് അയച്ചു.
ടിഷര്‍ട്ടും ട്രാക്ക് പാന്റ്സുമാണ് യുവതിയുടെ വേഷം. സംഭവസ്ഥലത്തുനിന്ന് മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്