ആദ്യ എഐ ചാറ്റ് ബോട്ട് ‘ ഗ്രോക്ക്’ വരിക്കാരിലേക്ക് എത്തിക്കാൻ എക്സ്. അടുത്ത ആഴ്ച മുതൽ എക്സ് പ്രീമിയം പ്ലസ് വരിക്കാർക്ക് ഇത് ലഭ്യമാകുമെന്നും ഇലോൺ മസ്ക് അറിയിച്ചു. എക്സ് വികസിപ്പിച്ച ആദ്യ എഐ ചാറ്റ് ബോട്ടാണ് ‘ഗ്രോക്ക്’. ചാറ്റ് ജിപിടി, ബാർഡ് എന്നിവയ്ക്ക് ഒപ്പമെത്തുന്ന രീതിയിലാണ് ഗ്രോക്ക് ഒരുക്കിയിരിക്കുന്നത്.
ഗൂഗിൾ, ഓപ്പൺ എഐ, ഡീപ്പ് മൈന്റ് എന്നീ സ്ഥാപനങ്ങളിലെ പ്രഗത്ഭരായ ജീവനക്കാരാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. എക്സിലും വെബ്ബിലും ഉൾപ്പെട്ടിട്ടുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് ഗ്രോക്കിന് പരിശീലനം നൽകിയിട്ടുള്ളത്. അതിനാൽ തത്സമയ വിവരങ്ങളും വാർത്തകളും നൽകാനും തമാശ കലർന്ന പ്രതികരണങ്ങൾ നടത്താനും ഗ്രോക്കിന് ആവും.
മൂന്ന് തരം പ്രീമിയം സബ്സ്ക്രിപ്ഷനുകളാണ് നിലവിൽ എക്സിലുള്ളത്. ബേസിക് സബ്സ്ക്രിപ്ഷനിൽ പരസ്യങ്ങൾ ഉണ്ടാവും എന്നാൽ ട്വീറ്റ് എഡിറ്റ് ഫീച്ചർ സൗകര്യങ്ങൾ ലഭിക്കും. കുറഞ്ഞ രീതിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തിയാണ് എക്സ് പ്രീമിയം പ്ലാൻ ഒരുക്കിയിരിക്കുന്നത്. എക്സ് പ്രീമിയം പ്ലസ് വരിക്കാരുടെ അക്കൗണ്ടിൽ പരസ്യങ്ങൾ ഉണ്ടാവില്ല. കൂടാതെ ഒരു ക്രിയേറ്റർ ഹബ്ബും ഉണ്ടാകും. പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതോടെ പ്രീമിയം വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനാകുമെന്നാണ് എക്സ് കണക്കുകൂട്ടുന്നത്.