കോഴിക്കോട്: താമരശ്ശേരി ചുരം ഒമ്പതാം വളവിന് താഴെയായി ചരക്ക് ലോറി മറിഞ്ഞു. കോഴിക്കോട് ഭാഗത്തേക്ക് പഴങ്ങളുമായി എത്തിയ ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. വൈകിട്ട് അഞ്ചേകാലോടെയായിരുന്നു അപകടം.
അപകടസമയത്ത് വാഹനത്തിൽ ഡ്രൈവർ മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇദ്ദേഹത്തിന് കാര്യമായി പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് ചുരത്തിൽ ചെറിയ തോതിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു.
ചുരം സംരക്ഷണസമിതി സംഘത്തിന്റെയും അഗ്നിശമനാ സേനയുടെയും നേതൃത്വത്തിൽ അപകടത്തിൽപ്പെട്ട വാഹനം എടുത്ത് മാറ്റുന്നതിനുള്ള ശ്രമം നടന്നു വരികയാണ്. ശനി, ഞായർ ദിവസങ്ങളിൽ ചരക്കുലോറികൾ ചുരത്തിലേക്ക് കയറ്റി വിടരുതെന്ന നിർദ്ദേശം നിലനിൽക്കെയാണ് നിയമം ലംഘിച്ച് വാഹനം ചുരം കയറിയത്.