ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യം ചന്ദ്രയാൻ വിക്ഷേപിക്കുന്നതിൽ വിജയിച്ചപ്പോൾ കോൺഗ്രസ് അവരുടെ രാഹുൽയാൻ 20 തവണ വിക്ഷേപിച്ചെന്നും എന്നാൽ തകർന്ന് തരിപ്പണമായി പോയെന്നും അമിത് ഷാ പരിഹസിച്ചു. തെലങ്കാനയിൽ മഹബൂബ്നഗറിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
‘കോൺഗ്രസ് രാഹുലിനെ ഓരോ തവണ തിരഞ്ഞെടുപ്പിൽ ഇറക്കുമ്പോഴും പരാജയപ്പെടുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ കോൺഗ്രസ് അവരുടെ രാഹുൽയാൻ വിക്ഷേപിച്ചു. പക്ഷേ എല്ലാ തവണയും അത് തകർന്നുവീണു. എന്നിട്ടും വീണ്ടും വീണ്ടും രാഹുലിനെ ഇറക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്.
തെലങ്കാനയിലുടനീളം തൊഴിലില്ലായ്മ മൂലം യുവാക്കൾ ആത്മഹത്യ ചെയ്യുന്നു. യുവാക്കൾ തൊഴിൽ രഹിതരായി അലയുകയാണ്. എന്നാൽ അപ്പോഴും മുഖ്യമന്ത്രി കെസിആറിന് തന്റെ മകന്റെ കാര്യത്തിൽ മാത്രമാണ് ആശങ്കയുള്ളത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 14 പേപ്പർ ചോർച്ച സംഭവങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ബിജെപി അധികാരത്തിലെത്തിയാൽ ഇതിനെതിരെ അന്വേഷണം ശക്തമാക്കുകയും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും കടുത്ത നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞു.