ഇസ്ലാമാബാദ്: ഗുരുനാനാക്ക് ജയന്തി ആഘോഷങ്ങൾക്കായി 3,000 ഇന്ത്യൻ സിഖ് തീർത്ഥാടകർ പാകിസ്താനിലെത്തി. സിഖ് മത സ്ഥാപകനായ ബാബ ഗുരു നാനാക്ക് ദേവിന്റെ 554-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് വാഗാ അതിർത്തിയിലൂടെ 3,000 ഇന്ത്യൻ സിഖുകാർ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ എത്തിയത്. സന്ദർശകരായ തീർത്ഥാടകരെ പ്രത്യേക ബസുകളിൽ ഗുരുദ്വാര ജന്മസ്ഥാൻ നങ്കാന സാഹിബിലേക്ക് കൊണ്ടുപോയി. അവിടെ മൂന്ന് ദിവസത്തെ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും.
ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് (ഇടിപിബി) അഡീഷണൽ സെക്രട്ടറി റാണാ ഷാഹിദ് സലീം, പാകിസ്താൻ സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (പിഎസ്ജിപിസി) പർദ്ദൻ സർദാർ അമീർ സിംഗ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ലാഹോർ അതിർത്തിയിൽ ദർശനത്തിനെത്തിയ തീർത്ഥാടകരെ അഭിവാദ്യം ചെയ്ത് സ്വീകരിച്ചു.
സിഖ് തീർത്ഥാടകർക്ക് സുരക്ഷിതമായ സുരക്ഷാ ക്രമീകരണങ്ങളും താമസ സൗകര്യങ്ങളും യാത്രാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബാബ ഗുരുനാനാക്കിന്റെ ജന്മദിനത്തിൽ ഏകദേശം 3000 ഇന്ത്യൻ സിഖുകാരെ പാർപ്പിക്കുമെന്ന് കരാർ ഉണ്ടെങ്കിലും കൂടുതൽ സിഖുകാരെ ഉൾക്കൊള്ളാൻ ഇടിപിബി തയ്യാറാണെന്നും റാണാ ഷാഹിദ് സലീം പറഞ്ഞു.
അതേസമയം ആഘോഷങ്ങൾക്കായെത്തിയ തീർത്ഥാടകർ ഗുരുദ്വാര പുഞ്ച സാഹിബ് ഹസനാബ്ദാൽ, ഗുരുദ്വാര സച്ച സൗദ, ഗുരുദ്വാര ദേരാ സാഹിബ് ലാഹോർ, ഗുരുദ്വാര രോഹ്രി സാഹിബ് ഐമെനാബാദ്, ഗുരുദ്വാര ദർബാർ സാഹിബ് കർതാർപൂർ നരോവൽ എന്നിവയും സന്ദർശിക്കും.















