ന്യൂഡൽഹി: ഭാരതത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1-പേടകത്തിന്റെ പേലോഡുകൾ പ്രവർത്തനക്ഷമമായി. സോളാർ വിൻഡ് ആയോൺ സ്പെക്ട്രോമീറ്റർ (SWIS), ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പിരിമെന്റ് (ASPEX) എന്നിവയാണ് പ്രവർത്തനക്ഷമമായത്. പേലോഡുകൾ പ്രവർത്തനം ആരംഭിച്ചതായി ഐഎസ്ആർഒ അറിയിച്ചു. എക്സിലൂടെയാണ് ഇസ്രോ ഇക്കാര്യം പങ്കുവെച്ചത്.
SWIS പിടിച്ചെടുക്കുന്ന പ്രോട്ടോൺ, ആൽഫ കണികകളുടെ എണ്ണത്തിലെ ഊർജ്ജ വ്യതിയാനങ്ങൾ വ്യക്തമാക്കുന്ന ഹിസ്റ്റോഗ്രാം ഇസ്രോ പുറത്തുവിട്ടിട്ടുണ്ട്. ആദിത്യ-എൽ1 ബഹിരാകാശ പേടകം ജനുവരി പകുതിയോടെ ലഗ്രാഞ്ച് പേയിന്റ് 1 – ൽ (എൽ 1) എത്തുമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് നേരത്തെ അറിയിച്ചിരുന്നു.
ചന്ദ്രയാൻ-3 ന്റെ വിജയകരമായ ദൗത്യത്തിന് ശേഷം സെപ്റ്റംബർ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ഐഎസ്ആർഒ രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1 വിക്ഷേപിച്ചത്. സൂര്യനെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ നടത്തുന്നതിന് വേണ്ടിയാണ് ഈ ദൗത്യം. ഏഴ് പേലോഡ്സ് ആണ് ആദിത്യ എൽ 1ൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ നാലെണ്ണം സൂര്യനിൽ നിന്നുള്ള പ്രകാശത്തെ നിരീക്ഷിക്കും.