ദിസ്പൂർ: സെമികണ്ടക്ടർ പ്ലാന്റുകൾ നിർമ്മിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ച് ടാറ്റ ഗ്രൂപ്പ്. അസമിൽ പ്ലാന്റുകൾ നിർമ്മിക്കുന്നതിനായി 40,000കോടിയുടെ നിക്ഷേപമാണ് കമ്പനി നടത്താൻ ഒരുങ്ങുന്നതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘40,000 കോടി മുതൽ മുടക്കിൽ സെമികണ്ടക്ടർ പ്ലാന്റ് തുടങ്ങാൻ ടാറ്റ ഗ്രൂപ്പ് അപേക്ഷ സമർപ്പിച്ചു. ഇത് മികച്ച ഒരു മാറ്റമായിരിക്കും. നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിനും മികച്ച മാറ്റത്തിനും തുടർച്ചയായി മാർഗനിർദ്ദേശം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഞാൻ നന്ദി പറയുന്നു.’- മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.
ഇന്ത്യയിൽ വ്യവസായ മേഖലയുടെ വളർച്ചക്ക് പ്രാധാന്യം നൽകികൊണ്ടാണ് ടാറ്റ ഗ്രൂപ്പ് അവരുടെ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നത്. തമിഴ്‌നാട്ടിൽ ഐഫോൺ നിർമ്മാണ ഫാക്ടറി തുറക്കാൻ കമ്പനി ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. കൂടാതെ ഇന്ത്യയിലെ ഐ ഫോൺ നിർമ്മാണ കമ്പനിയായ വിസ്‌ട്രോണിനെ അടുത്തിടെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.















