ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കാൻ സാധിക്കില്ലെന്നും ജമ്മുകശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി താത്കാലികം മാത്രമായിരുന്നു എന്നും സുപ്രീംകോടതി വിധിച്ച ദിവസമാണ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ജമ്മുകശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്ത് കളഞ്ഞിട്ട് നാല് വർഷവും മൂന്ന് മാസവും പിന്നിടുമ്പോഴാണ് സുപ്രീകോടതിയുടെ സുപ്രധാനമായ വിധിന്യായം. അന്ന് കേന്ദ്രസർക്കാരിന്റെ നടപടിയെ വിഘടനവാദികളും പ്രതിപക്ഷവും പ്രധാനമായും എതിർത്തത് കശ്മീരിന്റെ സ്ഥിതി കൂടുതൽ വഷളാവുമെന്ന് അനാവശ്യവാദം ഉയർത്തിക്കൊണ്ടാണ്. 2019 ഓഗസ്റ്റ് 5ന് ശേഷം കശ്മീരിന് സംഭവിച്ച മാറ്റങ്ങൾ വ്യക്തമാക്കുന്നു. 12 പോയിന്റുകളായി സംഗ്രഹിച്ചിരിക്കുന്നു ….
1. പുറത്തുള്ളവർക്ക് സ്വത്തവകാശം
2019 ന് മുമ്പ്, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി കാരണം പുറത്തുനിന്നുള്ളവർക്ക് ഭൂമി വാങ്ങാൻ അനുമതിയില്ലായിരുന്നു. ആർട്ടിക്കിൾ 35 (എ) പ്രകാരം അത്തരം വാങ്ങലുകൾ ‘സ്ഥിര താമസക്കാർക്ക്’ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ജമ്മുകശ്മീർ വികസന നിയമത്തിൽ ഭേദഗതി വരുത്തി ‘സ്ഥിരതാമസം’ എന്ന വാക്ക് നീക്കി വിജ്ഞാപനം പുറപ്പെടുവിച്ചു.

2. പ്രത്യേക പതാകയോ ഭരണഘടനയോ ഇല്ല
പ്രത്യേക പദവിക്ക് കീഴിൽ ജമ്മുകശ്മീരിന് സ്വന്തമായി പതാകയും ഭരണഘടനയുമുണ്ടായിരുന്നു. അതിനാൽ ഇന്ത്യൻ ഭരണഘടനയുടെ ചില ഭാഗങ്ങൾ ജമ്മു കശ്മീരിന് ബാധകമായിരുന്നില്ല. കശ്മീരിന് മാത്രമായി രൺബീർ പീനൽ കോഡ് എന്ന് വിളിക്കുന്ന പ്രത്യേക ശിക്ഷാ നിയമവും ഉണ്ടായിരുന്നു. ആർട്ടിക്കിൽ 370 റദ്ദാക്കിയതിന് ശേഷം സിവിൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിൽ നിന്നും ജമ്മു കശ്മീരിന്റെ പതാക നീക്കം ചെയ്തു. ഇപ്പോൾ ഇന്ത്യൻ ത്രിവർണ പതാകയും ദേശീയ പതാകയും മാത്രമാണ് അവിടെ ഉയർത്തുന്നത്.
3. സ്ത്രീകൾക്ക് ഗാർഹിക സമത്വം
2019 ഓഗസ്റ്റിനു മുമ്പ്, ജമ്മുകശ്മീരിലെ സ്ത്രീകൾ സ്വദേശികളല്ലാത്ത ഒരാളെ വിവാഹം കഴിച്ചാൽ അവർക്ക് വസ്തുവിലുള്ള അവകാശം നഷ്ടപ്പെടും. കൂടാതെ സ്വത്ത് വാങ്ങാനുള്ള അനുമതിയും ഇല്ലായിരുന്നു. കേന്ദ്രസർക്കാരിന്റെ പുതിയ വിജ്ഞാപനത്തോടെ, പങ്കാളികൾ കശ്മീരികളെല്ലെങ്കിലും സ്ത്രീകളുടെ വസ്തു വാങ്ങാനും സർക്കാർ ജോലിക്ക് അപേക്ഷിക്കാനും കഴിയും.
4. കല്ലേറ് നടത്തുന്നവർക്ക് പാസ്‌പോർട്ട് നൽകില്ല
കല്ലേറ് ഉൾപ്പെടെയുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇന്ത്യൻ പാസ്‌പോർട്ട് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. ജമ്മു കശ്മീർ പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട പരിശോധന കർശനമാക്കിയതോടെ രാജദ്രോഹികൾക്ക് രാജ്യം വിടാനുള്ള അവസരം ഇല്ലാതാക്കി. കല്ലേറിലും വിധ്വംസക പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർക്ക് പാസ്‌പോർട്ടുകൾക്കും മറ്റ് സർക്കാർ സേവനങ്ങളും ലഭ്യമാകുന്നില്ലെന്ന് ഉറപ്പ് വരുത്താൻ സ്ഥിരം സംവിധാനവും ഏർപ്പെടുത്തി.
5. തീവ്രവാദ സംഭവങ്ങൾ കുറഞ്ഞു
ആർട്ടിക്കിൾ 370 എടുത്തു മാറ്റിയതിന് ശേഷമുള്ള കശ്മീരിന്റെ സമാധാനന്തരീക്ഷം സംബന്ധിച്ച് ജമ്മുകശ്മീർ പോലീസ് റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. റിപ്പോർട്ട് പ്രകാരം 2016 ഓഗസ്റ്റ് 5 മുതൽ 2019 ഓഗസ്റ്റ് 4 വരെയുള്ള കാലേയളവിൽ 930 ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. ഇതിൽ 290 സൈനികർ വീരമൃത്യു വരിക്കുകയും 191 സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ 2019 ഓഗസ്റ്റ് 5നും 2022 ഓഗസ്റ്റ് 4 നും ഇടയിൽ 617 ഭീകരാക്രമണങ്ങൾ മാത്രമാണ് നടന്നത്. ഇതിൽ 174 സൈനികർ വീരമൃത്യു വരിക്കുകയും 110 സാധാരണക്കാർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. വിനോദസഞ്ചാര വകുപ്പിന്റെ കണക്ക് പ്രകാരം 2021- 2023 വർഷങ്ങളിൽ ലക്ഷക്കണക്കിന് സഞ്ചാരികൾ കശ്മീർ സന്ദർശിച്ചിട്ടുണ്ട്. മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടേണ്ട സ്ഥിതിയും സംജാതമായിട്ടില്ല.

6. യുവജനങ്ങൾക്ക് ജോലി മുതൽ എയിംസ് വരെ
2019 മുതൽ 2022 ജൂൺ വരെയുള്ള കാലയലവിൽ 29,806 പേരെ പൊതുമേഖല സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ കേന്ദ്രസർക്കാർ നിരവധി തൊഴിൽദാന പദ്ധതികളും പ്രദേശത്ത് ആരംഭിച്ചിട്ടുണ്ട്. സ്വയംതൊഴിൽ പദ്ധതിയിലൂടെ 5.2 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചുവെന്നാണ് സർക്കാർ കണക്ക്. ജമ്മു കശ്മീരിലെ ആരോഗ്യസംവിധാനം ശക്തിപ്പെടുത്താൻ രണ്ട് എയിംസ് തുറക്കാനും അനുമതി ലഭിച്ചിട്ടണ്ട്. ഒന്ന് ജമ്മുവിലും മറ്റൊന്ന് കശ്മീരിലുമാണ് ആരംഭിക്കുക. പ്രധാനമന്ത്രിയുടെ പ്രത്യേക വികസന പാക്കേജ് പ്രകാരം ഏകദേശം 80,000 കോടി രൂപയുടെ 20 ലധികം വികസന പദ്ധതികളാണ് പൂർത്തീകരിച്ചത്. മറ്റ് പ്രോജക്ടുകളുടെ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
7. പുതിയ ബില്ലോടെ താഴ്‌വരയുടെ രാഷ്‌ട്രീയം
ജമ്മു കശ്മീരുമായി ബന്ധപ്പെട്ട രണ്ട് സുപ്രധാന ബില്ലുകളാണ് കഴിഞ്ഞ ദിവസം കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ചത്. ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ, ജമ്മു കശ്മീർ സംവരണം (ഭേദഗതി) ബിൽ എന്നിവയാണ് സഭ പാസാക്കിയ ബില്ലുകൾ . ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബില്ലിലൂടെ കശ്മീരി കുടിയേറ്റ സമൂഹത്തിലെ രണ്ട് അംഗങ്ങൾക്ക് നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കുന്നു. കൂടാതെ പാക് അധീനിവേശ കശ്മീരിൽ നിന്ന് ഒരു അംഗത്തെ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാനുള്ള വ്യവസ്ഥയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ ബില്ലിലൂടെ എസ്‌സി-എസ്‌ടി വിഭാഗങ്ങൾക്കും, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഉറപ്പുവരുത്തി. 70 വർഷമായി അപമാനവും അവഗണനയും അനുഭവിക്കുന്ന സമൂഹത്തിന് നീതി ലഭ്യമാക്കുന്നതിനുള്ള ബില്ലുകളാണിതെന്ന് ലോക്‌സഭയിൽ ബില്ലുകൾ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.
8. രാഷ്‌ട്രീയ ഭൂപടം എത്രമാത്രം മാറിയിരിക്കുന്നു?
നിയമസഭയിലെ സിറ്റുകളുടെ എണ്ണം 87ൽ നിന്നും 114 ലായി ഉയർത്തി. ജമ്മുവിൽ നിന്നും 43-ഉം കശ്മീരിൽ നിന്നും 47-ഉം അംഗങ്ങളാകും ഇനി സഭയിൽ ഉണ്ടാകുക. സംസ്ഥാനമായിരുന്നപ്പോൾ ജമ്മുവിൽ 37 മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. ആറെണ്ണം വർദ്ധിപ്പിച്ച് 43-യാണ് സീറ്റുകൾ ഉയർത്തിയത്. നിലവിൽ കശ്മീരിലെ 46 സീറ്റുകൾക്കൊപ്പം ഒരെണ്ണം വർദ്ധിപ്പിച്ച് 47 ആക്കി. പാക് അധിനിവേശ കശ്മീരിൽ 24 സീറ്റുകളാണ് നിർദ്ദേശിച്ചിരിക്കുന്നത്. പ്രദേശം വീണ്ടും ഭാരതത്തിന്റെ ഭാഗമാകുമ്പോൾ ഈ 24 സീറ്റുകളും സഭയിൽ കൂട്ടിച്ചേർക്കപ്പെടും. അതുവരെ 90 അസംബ്ലി മണ്ഡലങ്ങളാകും ഉണ്ടാകുക.നിയമസഭയുടെ കാലാവധിയും അഞ്ച് വർഷമാക്കി. നേരത്തെ 6 വർഷമായിരുന്നു കാലാവധി.
9. 34 വർഷത്തിന് ശേഷം മുഹറം ഘോഷയാത്ര
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും കശ്മീരിൽ സ്വത്ത് സ്വന്തമാക്കാം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 34 പേർ ജമ്മു കശ്മീരിൽ വസ്തുവകകൾവാങ്ങിയതായി കഴിഞ്ഞ വർഷം മാർച്ച് 29 ന് ആഭ്യന്തര മന്ത്രാലയം ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. ജമ്മു, റിയാസി, ഉധംപൂർ, ഗന്ദർബാൽ ജില്ലകളിലാണ് വൻകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ഭൂമി വാങ്ങിയിരിക്കുന്നത്. 34 വർഷത്തിന് ശേഷം മുഹറം ഘോഷയാത്ര നടത്താൻ കശ്മീരികൾക്ക് അനുമതി ലഭിച്ചതും ശ്രദ്ധേയമാണ്. വളരെ സമാധാനപൂർണ്ണമായിരുന്നു ഇത്തവണത്തെ ഘോഷയാത്ര.
10. കേന്ദ്രനിയമങ്ങളും പദ്ധതികളും
പ്രത്യേക പദവി ലഭ്യമായിരുന്ന ജമ്മുകശ്മീരിൽ കേന്ദ്രത്തിന്റെ പല നിയമങ്ങളും പദ്ധതികളും സംസ്ഥാന സർക്കാർ നടപ്പാക്കിയിരുന്നില്ല. കേന്ദ്രത്തിന് നേരിട്ട് നടപ്പിലാക്കാൻ നിയമതടസവും നിലനിന്നിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി ഇപ്പോൾ കേന്ദ്ര നിയമങ്ങളും പദ്ധതികളും ജമ്മു കശ്മീരിനും ഒരു പോലെ ബാധകമാണ്. നേരത്തെ ശൈശവ വിവാഹ നിയമം, ഭൂപരിഷ്‌കരണ നിയമം, വിദ്യാഭ്യാസ അവകാശം തുടങ്ങിയ നിയമങ്ങൾ കശ്മീരിന് ബാധകമായിരുന്നില്ല. ജമ്മുകശ്മീർ പട്ടികവർഗ നിയമ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയതോടെ പഹാരി, ഗദ്ദ, ബ്രാഹ്മണ കോൾ, വാൽമീകി വിഭാഗങ്ങൾക്ക് പട്ടികവർഗ പദവി ലഭിച്ചു. മുൻപ് വാൽമീകി, ദലിത്, ഗൂർഖ സമുദായങ്ങളിലെ ജനങ്ങൾക്ക് വോട്ടവകാശം പോലും ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവർക്കും ഒരു പോലെ സമ്മതിദാനവകാശം ലഭിച്ചുവെന്നതും എടുത്തു പറയേണ്ടതാണ്.
11. വികസന പാക്കേജിന് 58,477 കോടി രൂപ, സ്വകാര്യ നിക്ഷേപം
ജമ്മുകശ്മീരിൽ നടന്ന ആഗോള നിക്ഷേപ ഉച്ചകോടിയിൽ 13,732 കോടി രൂപയുടെ ധാരണാപത്രമാണ് ഒപ്പുവച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് സ്വകാര്യ നിക്ഷേപകരുടെ നിക്ഷേപം ജമ്മുകശ്മീരിലെത്തുന്നത്. 2019 ഓഗസ്റ്റ് മുതൽ 2022 വരെ 38,000 കോടി രൂപയുടെ നിക്ഷേപം പ്രദേശത്ത് വന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ വികസന പാക്കേജിന് കീഴിൽ 58,477 കോടി രൂപയുടെ 53 പദ്ധതികളാണ് ആരംഭിച്ചത്. റോഡ്, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, കൃഷി, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.

12. റോഡ് കണക്റ്റിവിറ്റിയും ഗതാഗതവും
റോഡ് കണക്റ്റിവിറ്റിയുടെ കാര്യത്തിൽ ദയനീയമായിരുന്നു പ്രദേശം . ശ്രീനഗറിൽ നിന്ന് ജമ്മുവിലെത്താൻ 12 മുതൽ 14 മണിക്കൂർ വരെ സമയം എടുത്തിരുന്നു. എന്നാൽ ഇന്ന് 6 മുതൽ 7 മണിക്കൂർ കൊണ്ട് ശ്രീനഗറിൽ നിന്ന് ജമ്മുവിൽ എത്താം. സർക്കാർ കണക്കനുസരിച്ച്, 2019 ഓഗസ്റ്റിനു മുമ്പ്, പ്രതിദിനം ശരാശരി 6.4 കിലോമീറ്റർ റോഡ് മാത്രമാണ് നിർമ്മിച്ചിരുന്നത്, എന്നാൽ ഇന്ന് പ്രതിദിനം 20.6 കിലോമീറ്റർ റോഡാണ് കശ്മീരിൽ നിർമ്മിക്കുന്നത്. ജമ്മു കശ്മീരിലെ റോഡ് ശൃംഖല നിലവിൽ 41,141 കിലോമീറ്ററാണ്.















